19 September Sunday
എസ്‌സി ഫണ്ട്‌ തട്ടിപ്പ്‌

അന്വേഷണസംഘം രൂപീകരിക്കാൻ 
മുഖ്യമന്ത്രിക്ക്‌ കത്ത്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
 
തിരുവനന്തപുരം
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന ഓഫീസിലെ എസ്‌സി ഫണ്ട്‌ തട്ടിപ്പ്‌ കേസിൽ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാധാകൃഷ്ണനും കത്ത്‌ നൽകാൻ തീരുമാനം. അടിയന്തര കൗൺസിലിലാണ്‌ തീരുമാനം. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഏത്‌ അന്വേഷണവും നേരിടാൻ ഭരണസമിതി തയ്യാറാണെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ ബിംസ് സോഫ്‌റ്റ്‌വെയറാണ്‌ പട്ടികജാതി വികസന ഓഫീസിൽ ഉപയോ​ഗിക്കുന്നത്. ബിംസിലൂടെയാണ് ഗുണഭോക്താവല്ലാത്ത ആളുടെ അക്കൗണ്ടിലേക്ക് പണം നൽകിയത്. നഗരസഭയുടെ പദ്ധതി തുകയിൽനിന്ന് തട്ടിപ്പ് നടന്നിട്ടില്ല. ഏപ്രിൽ നാലിന്‌ പട്ടികജാതി വികസന ഓഫീസർ അറിയിച്ചതിനെ തുടർന്ന് അഞ്ചിന്‌ ഡയറക്ടർക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ഒമ്പതിന്‌ മറുപടി ലഭിച്ചു. ഏപ്രിൽ 15ന് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ചു. ബിജെപിയുടെ എം ആർ ഗോപൻ, യുഡിഎഫിന്റെ പത്മകുമാർ, എൽഡിഎഫിന്റെ ഡി ആർ അനിൽ, നഗരസഭാ സെക്രട്ടറി, അക്കൗണ്ട്‌സ്‌ ഓഫീസർ എന്നിവരടങ്ങുന്ന അന്വേഷണ കമീഷൻ രൂപീകരിച്ചു. മ്യൂസിയം സ്റ്റേഷനിൽ രണ്ടു കേസുണ്ട്. 11 പേരെ പ്രതി ചേർത്തിട്ടുമുണ്ട്‌. 
        പട്ടികജാതി ഗോത്രവർഗ കമീഷനും അന്വേഷിക്കുന്നുണ്ട്‌. സെക്രട്ടറിയുടെ വിശദീകരണം തേടി. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുത്തു. അഭ്യസ്തവിദ്യരാണ്‌ എസ്‌സി പ്രൊമോർട്ടർമാരായി വന്നത്‌. ശ്രീകാര്യം സോണൽ ഓഫീസുമായി ബന്ധപ്പെട്ട് തട്ടിപ്പ്‌ ആരോപണം ഉയർന്നിരുന്നു. അന്വേഷിച്ച്‌ ആരോപിതനെ പിരിച്ചുവിട്ടു. 2019–-20 കാലഘട്ടത്തിൽ പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട ചെലവ്‌ 45.47 ആയിരുന്നു. പുതിയ ഭരണസമിതി വന്നശേഷം ഇത്രയും മാസങ്ങൾക്കിടെ അത്‌ 88.91 ആയി. 36 കോടിയിൽ 29.53 കോടി ഇതുവരെ ചെലവഴിച്ചു. പട്ടികജാതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യം നഗരസഭ അംഗീകരിച്ച് നൽകുന്ന ലിസ്റ്റിൽനിന്ന്‌ മാത്രം നൽകിയാൽ മതിയെന്ന് നിർദേശം നൽകാനും കൗൺസിൽ തീരുമാനിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top