കരകുളം
സൗദിയിൽ അപകടത്തിൽ മരിച്ച കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ ബാബു (46) വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് നാട്ടിലെത്തിച്ചത്. ബുധൻ രാത്രി 10 ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മകൻ എബിൻ, സഹോദരിയുടെ ഭർത്താവ് മണിക്കുട്ടൻ, ഭാര്യാ സഹോദരൻ സാജൻ, പ്രവാസിസംഘം കരകുളം ലോക്കൽ പ്രസിഡന്റ് എസ് സജീർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
സൗദിയിലെ ഖമീസ് മുശൈത്തിൽ ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന് വീണാണ് ബാബു മരിച്ചത്. മെയ് ഒമ്പതിനായിരുന്നു അപകടം. ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ ആളില്ലാതെ കുടുംബം ബുദ്ധിമുട്ടിലായിരുന്നു.
ലോക കേരളസഭയുടെ ഓപ്പൺ ഫോറം വേദിയിൽ മകൻ എബിൻ എം എ യൂസഫലിയോട് അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിക്കുകയായിരുന്നു. ഉടൻതന്നെ അതിനാവശ്യമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ഇടപെടുകയായിരുന്നു.
11 വർഷമായി ബാബു സൗദിയിൽ ജോലി ചെയ്യുന്നു. മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. മൃതദേഹം വ്യഴം രാവിലെ ഏഴിന് ചെക്കക്കോണം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും. ഭാര്യ: ഉഷ. മക്കൾ: എബിൻ, വിപിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..