22 August Thursday

സുരൻ കള്ളനോട‌് പറഞ്ഞു; ‘ഇനിയെങ്കിലും പണിയെടുത്ത‌് ജീവിക്കൂ’

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
തിരുവനന്തപുരം
‘‘ഇനിയെങ്കിലും മാനംമര്യാദയ‌്ക്ക‌് എന്തെങ്കിലും ജോലിചെയ‌്ത‌് ജീവിക്കു കള്ളാ’’... തന്റെ ലോട്ടറി ടിക്കറ്റുകൾ  മോഷ്ടിച്ച സുനിൽകുമാറിനോട‌് സുരന്റെ ഉപദേശം ഇങ്ങനെ. ‘‘പൊലീസിനോടും മാധ്യമങ്ങളോടും ഫെയ‌്സ‌്ബുക്ക‌് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ ഇടപെട്ട എല്ലാവർക്കും നന്ദിയുണ്ട‌്. വളരെ വേഗം കള്ളനെ പിടിച്ചത‌് നിങ്ങൾ ഓരോരുത്തരും കാരണമാണ‌് ’’–-ഇരുൾ നിറഞ്ഞ മിഴികളിൽ സന്തോഷത്തിന്റെ തിളക്കവും വാക്കുകളിൽ നന്ദിയും നിഴലിച്ചു. 
 
കാഴ‌്ചപരിമിതരായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക‌് പലപ്പോഴും അനുഭവിക്കേണ്ടിവരുന്നത്‌ കണ്ണില്ലാത്ത ക്രൂരതകൾ. സുരൻ ഉൾപ്പെടെ കാഴ‌്ചപരിമിതിയുള്ള നിരവധി ഭാഗ്യക്കുറി വിൽപ്പനക്കാർ നഗരത്തിലുണ്ട‌്. ഭൂരിഭാഗംപേരും പരസ‌്പരം അറിയുന്നവരും സുഹൃത്തുക്കളുമാണ‌്. ഇവർ നാട്ടിൽനിന്ന‌് രാവിലെ ബസ‌ിൽ തമ്പാനൂരിൽ ഇറങ്ങും. ഭാഗ്യക്കുറി ഓഫീസിൽനിന്ന‌് ടിക്കറ്റ‌് വാങ്ങി വിവിധ സ്ഥലങ്ങളിൽ വിൽക്കും. ഭക്ഷണം കഴിക്കാൻ ഒരുമിക്കും. ഭക്ഷണം വീട്ടിൽനിന്ന‌് കൊണ്ടുവരാത്തവർക്ക‌് മെഡിക്കൽ കോളേജ‌് ഭാഗത്ത‌് ടിക്കറ്റ‌് വിൽക്കുന്ന സുഹൃത്തുക്കൾ ഡിവൈഎഫ‌്ഐ വിതരണം ചെയ്യുന്ന പൊതിച്ചോർ വാങ്ങി കരുതിവയ‌്ക്കും. മിക്കവരും വഴുതക്കാട‌് അന്ധവിദ്യാലയം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുമിച്ച‌ു പഠിച്ചവരാണ‌്. 
 
പുതിയ ടിക്കറ്റ‌് നോക്കാൻ വാങ്ങിയശേഷം നറുക്കെടുപ്പ‌് കഴിഞ്ഞ ടിക്കറ്റ‌് നൽകി പറ്റിക്കുന്നവരുമുണ്ട‌്. തെളിവില്ലാത്തതിനാൽ പരാതിപ്പെട്ടാലും ഫലമുണ്ടാകാറില്ല. 
വിറ്റുകിട്ടുന്ന കമീഷൻ തുക ഉപയോഗിച്ചാണ‌് പിറ്റേദിവസം വിൽക്കാനുള്ള ടിക്കറ്റ‌് വാങ്ങുന്നത‌്. ടിക്കറ്റുകൾ കവരുന്നതോടെ അതിന‌ു കഴിയാതാകും. കുടുംബം പട്ടിണിയാകും--–- തൊഴിലാളികൾ പറയുന്നു. 
 
പ്രധാന വാർത്തകൾ
 Top