28 September Monday
കോടികളുടെ നഷ്‌ടം

കനത്ത മഴ; വ്യാപകനാശം

സ്വന്തം ലേഖകൻUpdated: Saturday May 23, 2020

കിളിയാർ കരകവിഞ്ഞ്‌ വെള്ളംകയറിയ ജഗതി കുരുക്കുവിളാകം ഭാഗത്തെ വീടുകളിൽനിന്നും അവശ്യസാധനങ്ങളുമായി പോകുന്ന കുട്ടി

തിരുവനന്തപുരം 
വ്യാഴാഴ്‌ച രാത്രി മുതൽ വെള്ളിയാഴ്‌ച പുലർച്ചെവരെ പെയ്‌ത കനത്തമഴയിൽ ജില്ലയിൽ വ്യാപകനാശം. അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. നൂറോളം വീടുകളിലും കടകളിലും നാശമുണ്ടായി. പലസ്ഥലത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതവും തടസ്സപ്പെട്ടു .  പലയിടങ്ങളിലും  വൈദ്യുത ബന്ധം താറുമാറായി.
 
കൃഷിയിടങ്ങൾ നശിച്ചു. കരമനയാറും കിള്ളിയാറും ആമയിഴഞ്ചാൻ തോടും മറ്റ്‌ തോടുകളും കരകവിഞ്ഞതോടെ ജില്ലയിലെ താഴ്‌‌ന്നപ്രദേശങ്ങളും നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലായി.  തിരുവനന്തപുരം താലൂക്കിൽ രണ്ട്‌ വീടുകൾ പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു. തിരുമല, മണക്കാട്, തൈക്കാട്, ശാസ്തമംഗലം വില്ലേജുകളിലായി 150 ലധികം വീടുകളിൽ വെള്ളം കയറി. തിരുമല, മണക്കാട്, നേമം എന്നിവിടങ്ങളിലായി മൂന്ന്‌ പുനരധിവാസ ക്യാമ്പുകൾ തുറന്നു. 
 
നേമത്ത്‌ ഗവ. യുപിഎസിൽ പതിനൊന്ന്‌ കുടുംബങ്ങളിലായി 40 പേരെ താമസിപ്പിച്ചു. മണക്കാട് നെടുങ്കാട് യുപിഎസിലെ ക്യാമ്പിൽ 77 പേരെ താമസിപ്പിച്ചു. തിരുമലയിലെ ക്യാമ്പിൽ ഏഴുപേരാണുള്ളത്‌. 
 
കല്ലാർ കരകവിഞ്ഞു. ആനപ്പാറ, മരുതാമല, മക്കി, വിതുര ശിവൻകോവിൽ ജങ്‌ഷൻ, പൊന്നാംചുണ്ട് എന്നിവിടങ്ങളിൽ വ്യാപക കൃഷി നാശമുണ്ടായി. മുളയ്‌ക്കോട്ടുകര ശിവൻകോവിൽ ജങ്‌ഷനിലെ  ഒരുവീട്ടിലും വെള്ളം കയറി. മരുതാമല, മക്കി ഭാഗങ്ങളിൽ  വീടുകൾ തകർന്നു. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറയിൽ ഉരുൾപൊട്ടലുണ്ടായി. വീടുകൾക്കോ കൃഷിയിടങ്ങൾക്കോ നാശമുണ്ടായില്ല. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top