18 June Tuesday
ചെല്ലം അംബ്രല്ല മാർട്ടിലെ തീ പിടിത്തം

തീപടർന്നത‌് ഗോഡൗണിനുള്ളിൽനിന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

തീപിടിത്തമുണ്ടായ ചെല്ലം അംബ്രല്ല മാർട്ടിൽ പൊലീസ്‌ പരിശോധന നടത്തുന്നു

തിരുവനന്തപുരം
 ന​ഗര ഹൃദയത്തിലെ ചെല്ലം അംബ്രല്ല മാർട്ടിൽ  പുറംലോകം അറിയുന്നതിന് മണിക്കൂറുകൾക്കുമുമ്പ‌് തീപിടിത്തം ആരംഭിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തീയുടെ ഉറവിടം ​കടയുടെ പിന്നിൽനിന്നുതന്നെയെന്നും കണ്ടെത്തി. 
കടയുടെ പിന്നിൽ ചവറ് കത്തിക്കുന്ന പുക കണ്ടത‌് അവ​ഗണിച്ചതാണ് വലിയ അപക‌ടത്തിലേക്ക‌് വഴിയൊരുക്കിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ മേഖലാ ഫയർ ഓഫീസർ നൗഷാദ് പറഞ്ഞു. പതിവായി ഇവിടെ ചവറ് കത്തിക്കാറുണ്ട്.  
ഷോർട്ട‌് സർക്യൂട്ടല്ല  കാരണമെന്ന് കണ്ടെത്തി. മറ്റു നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. സ്ഥാപനത്തിന്റെ പുറകിലെ  ​ഗോഡൗൺ അനധികൃതമായി നിർമിച്ചതാണ്. 
ഇതിനകത്ത്  വസ്തുക്കൾ അപകടകരമാംവിധം വൻ അളവിൽ സൂക്ഷിച്ചിരുന്നു. ഇത‌് തീ  അണയ‌്ക്കാനുള്ള ശ്രമങ്ങൾക്ക് വിലങ്ങുതടിയായി.  ഫോറൻസിക്ക് വിഭാ​ഗം പരിശോധനന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടുകൂടി ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ. ചൊവ്വാഴ്ച ഫയർഫോഴ്സ് എത്തുന്നതിന‌് ഒരു മണിക്കൂർമുമ്പുതന്നെ  കടയാകെ തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ഇലക‌്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ പരിശോധന പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുരേഷ് കുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ‌് പരിശോധന നടത്തിയത‌്. 
തീപിടിത്തമുണ്ടായ ആ​ഘാതത്തിൽനിന്ന് ജീവനക്കാർ ഇനിയും മോചിതരായിട്ടില്ല.
ജില്ലയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകളിൽനിന്നുള്ള 24 യൂണിറ്റും എയർപോർട്ടിലെ ഒരു യൂണിറ്റും ചേർന്ന‌്   അഞ്ചു മണിക്കൂറെടുത്താണ് ഫയർഫോഴ്സിലെ 129 പേർ ചേർന്ന് തീ കെടുത്തിയത്. ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ട‌ർ ആർ പ്രസാദ്, ജി നൗഷാദ്, കെ അബ്ദുൾ റഷീദ്, ജില്ലാ സ്റ്റേഷൻ ഒാഫീസർമാരായ അശോക് കുമാർ, സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിസാഹസികമായ പ്രവർത്തനം നടത്തിയത‌്. 
പ്രധാന വാർത്തകൾ
 Top