22 September Sunday
ഫലസൂചനകൾ വൈകില്ല

കണ്ണും കാതും മാർ ഇവാനിയോസിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
സ്വന്തം ലേഖകൻ 
തിരുവനന്തപുരം 
ലോ‌ക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലമറിയാനുള്ള ഒരു മാസത്തെ കാത്തിരിപ്പ‌് അവസാനിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ തലസ്ഥാന ജനതയുടെ കണ്ണും കാതും നാലാഞ്ചിറ മാർ ഇവാനിയോസിൽനിന്നുള്ള വോട്ടെണ്ണൽ വിശേഷങ്ങളിലേക്ക‌്.  
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും ആകാംക്ഷയുടെ മണിക്കൂറുകളുടെ തലേന്ന‌് തന്നെ നിരവധി പേർ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങളറിയാൻ എത്തിത്തുടങ്ങി. 
വോട്ടെണ്ണൽ ജോലിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥി, ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയിൽനിന്നോ ഉപ വരണാധികാരിയിൽനിന്നോ അനുമതി പത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവർത്തകർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല.
കൗണ്ടിങ് ഏജന്റുമാർ   രാവിലെ 7.30നു മുൻപായി അനുവദിച്ചിട്ടുള്ള കൗണ്ടിങ് ഹാളിൽ പ്രവേശിക്കണം. കൗണ്ടിങ് പൂർത്തിയാകുന്നതുവരെ ഇവർ ഹാളിൽ ഉണ്ടാകണം. മൊബൈൽ ഫോൺ, ലാപ്‌ടോപ‌് തുടങ്ങിയവ ഹാളിൽ കൊണ്ടുവരാൻ പാടില്ല. സ്ഥാനാർഥികൾ, ചീഫ് ഏജന്റ് എന്നിവരുടെ വാഹനങ്ങൾ മാത്രമേ മാർ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. കൗണ്ടിങ് ഏജന്റുമാരുടെ വാഹനങ്ങൾ മാർ ഇവാനിയോസ് കോളജിന്റെ പ്രധാന കവാടത്തിനു പുറത്ത് പൊലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.  
നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ.  വ്യാഴാഴ‌്ച രാവിലെ സ്‌ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതതു നിയമസഭാ മണ്ഡലങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കു മാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങൾ പുറത്തെടുക്കുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നിശ്ചിത എണ്ണം ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവറും കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉൾപ്പടെ മൂന്നു പേരാണ് ഉണ്ടാകുക. എട്ടരയോടെ ആദ്യ ഫലസൂചന അറിയാനാകുമെന്നാണ് പ്രതീക്ഷ.
ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലായി ഏഴു വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. വർക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ കേന്ദ്രത്തിലാണ് എണ്ണുന്നത്. 
ആറ്റിങ്ങൽ–- - സർവോദയ വിദ്യാലയ ലിറ്റിൽഫ്‌ളവർ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിൻകീഴ്–- -സർവോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട്–- - സെന്റ് ജോൺസ് എച്ച് എസ്എസ്ഹാൾ, വാമനപുരം–- - സെന്റ് ജോൺസ് എച്ച്എസ്എസ് ഹാൾ, കഴക്കൂട്ടം – സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിൻ ബിൽഡിങ്, വട്ടിയൂർക്കാവ് -–- മാർ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം–- - മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം–- - മാർ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര–- - ജയ് മാതാ ഐടിസി, പാറശാല–- - മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട–- - മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം–- - മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിൻകര–- - മാർ ഇവാനിയോസ് കോളജ് ബിവിഎംസി ഹാൾ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്ന കേന്ദ്രങ്ങൾ. 
മാർ ഇവാനിയോസ് നഗറിലെ വിദ്യാലയങ്ങൾക്ക് വ്യാഴാഴ‌്ച അവധിയാണ‌്. തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കുവാൻ   മാധ്യമ പ്രവർത്തകർക്കായി പ്രത്യേക മീഡിയ റൂം  ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളജിൽ സജ്ജീകരിച്ചിട്ടുണ്ട‌്. തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെൻഡ് വെബ്‌സൈറ്റ് വഴിയാകും മാധ്യമ പ്രവർത്തകർക്ക് ഫലം ലഭ്യമാക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ വോട്ടർ ഹെൽപ്പ്‌ലൈൻ എന്ന ആപ്പ് വഴിയും തത്സമയം ഫലസൂചനകൾ ലഭിക്കും. ട്രെൻഡ് വെബ്‌സൈറ്റിൽനിന്നുള്ള വിവരങ്ങൾ പ്രദർശിപ്പിക്കാൻ മീഡിയ സെന്ററിൽ ബിഗ് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. നിയമസഭാ മണ്ഡലം തിരിച്ചുള്ള ലീഡ് നില അടക്കമുള്ള വിവരങ്ങൾ ബിഗ് സ്‌ക്രീനിൽ ലഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവർത്തകർക്കു മാത്രമാകും മീഡിയ സെന്ററിലേക്കു പ്രവേശനം.
പ്രധാന വാർത്തകൾ
 Top