27 June Thursday
27ന‌കം പൂർത്തിയാകും

സൗജന്യ യൂണിഫോം തുണി വിതരണം അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
തിരുവനന്തപുരം
സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണി വിതരണം അന്തിമഘട്ടത്തിലേക്ക‌്. 8,43,509 വിദ്യാർഥികൾക്കുള്ള തുണി വിതരണം 27ന‌് പൂർത്തിയാകും. കോട്ടയം, ആലപ്പുഴ ജില്ലകളിലൊഴികെ വിതരണം ഏകദേശം പൂർത്തിയായെന്ന‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് അറിയിച്ചു. സർക്കാർ സ്കൂളുകളിലെ ഒന്നുമുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികളെയും എയ‌്ഡഡ‌് സ്കൂളുകളിലെ നാലാം ക്ലാസുവരെയുള്ളവരെയുമാണ‌് സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത‌്. 42 ലക്ഷം മീറ്റർ കൈത്തറി തുണിയാണ‌് ഈ വർഷം വിതരണം ചെയ്യുന്നത‌്.
സ‌്കൂൾ തുറക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെ, വിതരണം അവലോകനം ചെയ്യാൻ എഇഒമാരുടെ ഓഡിയോ കോൺഫറൻസ‌് യോഗം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള ജസി ജോസഫ‌്, കൈത്തറി ഡയറക്ടർ കെ സുധീർ എന്നിവരാണ‌് പ്രവർത്തന പുരോഗതി വിലയിരുത്തിയത‌്. വ്യവസായ വകുപ്പ‌് ഉപജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ച തുണിയുടെ സ്കൂൾതല വിതരണം പുരോഗമിക്കുന്നതായി എഇഒമാർ റിപ്പോർട്ട‌് ചെയ്തു. കോട്ടയം, ആലപ്പുഴ ജില്ലകൾക്കുള്ള തുണി വ്യാഴാഴ്ചതന്നെ എത്തും. 163 വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക‌് 27നകം തുണി ലഭ്യമാക്കും. 
വ്യവസായ വകുപ്പിന‌് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഹാന്റെക്സ‌്, ഹാൻവീവ‌് എന്നിവ വഴിയാണ‌് വിതരണം. കാസർകോടുമുതൽ തൃശൂർവരെ ഹാൻവീവിനും തിരുവനന്തപുരംമുതൽ എറണാകുളംവരെ ഹാൻടെക്സിനുമാണ‌് വിതരണ ചുമതല. സംസ്ഥാനത്തെ വിവിധ കൈത്തറി യൂണിറ്റുകളിൽ നെയ്ത 45 നിറത്തിലുള്ള കൈത്തറി തുണിയാണ‌് വിതരണം ചെയ്യുന്നത‌്. 
കഴിഞ്ഞ വർഷം ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 4,34,175 കുട്ടികൾക്കാണ‌് പദ്ധതിയുടെ പ്രയോജനം ലഭിച്ചത‌്. ഇത്തവണ എയ‌്ഡഡ‌് സ്കൂളുകളിലെ നാലാം ക്ലാസുവരെയുള്ള വിദ്യാർഥികളെക്കൂടി സൗജന്യ യൂണിഫോം പദ്ധതിയിൽ ഉൾപ്പെടുത്തി. 6963 എയ‌്ഡഡ‌് സ്കൂളുകളെയാണ‌് പുതുതായി ഉൾപ്പെടുത്തിയത‌്. ഒരു വിദ്യാർഥിക്ക‌് രണ്ടുജോഡി യൂണിഫോം എന്ന നിലയിലാണ‌് വിതരണം.
പ്രധാന വാർത്തകൾ
 Top