27 June Thursday
വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ

ലേഖയുടെ കൈയക്ഷരം 2 പേർ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
തിരുവനന്തപുരം
മലയിക്കടയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തിൽ തെളിവ‌് ശേഖരണത്തിനുള്ള നടപടി ഊർജിതമാക്കി പൊലീസ‌്. ആത്മഹത്യകുറിപ്പിലെയും നോട്ട‌ുബുക്കുകളിലെയും കൈയക്ഷരം ലേഖയുടേത‌് തന്നെയെന്ന‌് സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
 13നാണ‌് മലയിക്കടയിലെ വീട്ടിലെ കിടപ്പുമുറിയിൽ ലേഖയും മകൾ വൈ‌ഷ‌്ണവിയും തീകൊളുത്തി മരിച്ചത‌്. കേസിലെ പ്രധാന തെളിവുകളാണ‌് കൃത്യം നടന്ന മുറിയിൽനിന്ന‌് കണ്ടെത്തിയ ആത്മഹത്യകുറിപ്പും നോട്ടുബുക്കുകളും. 
കൈയക്ഷരം ലേഖയുടേതാണെന്ന‌് രണ്ട‌ു സ‌്ത്രീകൾ സ്ഥിരീകരിച്ചു. അയൽക്കൂട്ട അംഗങ്ങളാണിവർ. ഇതിന‌് പുറമെ വായ‌്പ ഇടപാടുമായി ബന്ധപ്പെട്ടുള്ള ലേഖയുടെ കൈയക്ഷരമുള്ള മറ്റുരേഖകളും പൊലീസ‌് ശേഖരിക്കാൻ ആരംഭിച്ചു. കൂടുതൽ പേർ കൈയക്ഷരം സ്ഥിരീകരിക്കുന്നത‌് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ‌് സംഘം. ഫോറൻസിക‌് റിപ്പോർട്ട‌് സാധാരണ ഗതിയിൽ വൈകും. ഈ സാഹചര്യത്തിൽ ഈ മൊഴികൾ ഗുണം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ കനറാ ബാങ്ക‌് അധികൃതരോട‌് കുടുംബത്തിന്റെ വായ‌്പാരേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായി അന്വേഷണത്തിന നേതൃത്വം നൽകുന്ന ബിജു വി നായർ പറഞ്ഞു. ചോദ്യം ചെയ്യലിന‌് ശേഷം ചന്ദ്രൻ, ഇയാളുടെ അമ്മയുടെ സഹോദരി ഭർത്താവ‌് കാശി എന്നിവരെ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ജാമ്യാപേക്ഷ മറ്റൊരുദിവസത്തേക്ക‌് നെയ്യാറ്റിൻകര കോടതി മാറ്റി. നോട്ട‌ുബുക്കിലെയും ആത്മഹത്യകുറിപ്പിലെയും കൈയക്ഷരം ലേഖയുടേതല്ലെന്ന‌് പ്രതിഭാഗം വാദിച്ചു. ആത്മഹത്യകുറിപ്പ‌് പൊലീസ‌് മുറിയിൽ ഒട്ടിച്ചതാണെന്നും വാദിച്ചു. ചന്ദ്രനും കാശിനാഥനും നെയ്യാറ്റിൻകര സബ‌്ജയിലിലും മറ്റു പ്രതികളായ കൃഷ‌്ണമ്മ, സഹോദരി ശാന്ത എന്നിവർ അട്ടക്കുളങ്ങര വനിതാജയിലിലുമാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top