13 May Thursday

ബിജെപി ഫണ്ടിൽനിന്ന്‌ 10 കോടി മുക്കി, കുഴൽപ്പണ കവർച്ചയാക്കി നേതൃത്വം

സ്വന്തം ലേഖകൻ കോഴിക്കോട്‌Updated: Friday Apr 23, 2021
 
ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിൽനിന്ന്‌ 10 കോടിരൂപ വെട്ടിച്ചത്‌ കുഴൽപ്പണ കവർച്ചയാക്കാൻ നേതൃനീക്കം. ഉന്നത നേതാക്കളുടെ അറിവിലാണ്‌ പണം തട്ടിയതെന്നും ആക്ഷേപം‌. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കുള്ള ഫണ്ടിനെച്ചൊല്ലിയാണ്‌  വിവാദം. വയനാട്‌, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായി 12 കോടിരൂപയാണെത്തിയത്‌.  ഏപ്രിൽ രണ്ടിന്‌ മംഗളൂരു വഴിയാണിത്‌ കൊണ്ടുവന്നത്‌. 
വയനാട്ടിൽ രണ്ടുകോടി നൽകി . ബാക്കി 10കോടി രൂപയുമായി പോകവെ കൊടകരവച്ച്‌ വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടിയതായി കാറിലുണ്ടായിരുന്ന കോഴിക്കോട്‌ സ്വദേശിയായ കോൺട്രാക്ടർ ധർമരാജൻ കൊടകര പൊലീസിൽ പരാതിനൽകി. 
റിയൽ എസ്‌റ്റേറ്റ്‌ ആവശ്യത്തിന്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ്‌ അന്വേഷണത്തിൽ കാർ പൊളിച്ചനിലയിൽ കണ്ടെത്തി. എന്നാൽ 25 ലക്ഷമല്ല മൂന്നരക്കോടിയിലധികമുണ്ടെന്നാണ്‌ പൊലീസിന്‌ ലഭിച്ച സൂചന. തെരഞ്ഞെടുപ്പിനുള്ള പണക്കടത്താണെന്നും വ്യക്തമായി. 
ബിജെപിയുടെ തൃശൂർ ജില്ലാഭാരവാഹികളിലൊരാളും കോഴിക്കോട്‌ കക്കോടി സ്വദേശിയുംചേർന്നാണ്‌ വാഹനമിടിച്ച്‌ പണം കവർന്ന നാടകത്തിലുണ്ടായിരുന്നത്‌‌. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ വിശ്വസ്‌തരാണിരുവരും. പണം കടത്തിയ കോൺട്രാക്ടറും നേതൃനിരയിലെ പ്രധാനിയുടെ ഇഷ്ടക്കാരനാണ്‌. അപകടനാടകം സൃഷ്‌ടിച്ച്‌ ഫണ്ട്‌വെട്ടിച്ച സംഭവം ബിജെപിക്കകത്ത്‌ ചർച്ചയായി‌.  ദേശീയ നേതൃത്വത്തിന്‌ വിവിധതലങ്ങളിലുള്ള നേതാക്കൾ പരാതിയും അയച്ചിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top