28 May Thursday

കോവിഡ്‌‐19: പുതുതായി 747 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

തിരുവനന്തപുരം 
കോവിഡ്‌ –-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണം ഊർജിതമാക്കി. ജില്ലയിൽ പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 4923 പേരാണ്‌ ഇതുവരെ നിരീക്ഷണത്തിലുള്ളത്‌. ഞായറാഴ്‌ച പുതുതായി 747 പേർ നിരീക്ഷണത്തിലായി. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4870 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 
53 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്‌. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 31 പേരും ജനറൽ ആശുപത്രിയിൽ 16 പേരും എസ്എടിയിൽ മൂന്നു പേരും കിംസിൽ മൂന്നു പേരുമാണുള്ളത്‌. ഇതുവരെ പരിശോധനയ്‌ക്കയച്ച  689 സാമ്പിളിൽ 535 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഞായറാഴ്‌ച ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളിന്റെ ഫലം ലഭിക്കാനുണ്ട്. നേരത്തെ പോസിറ്റീവായ നാലു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ്‌. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. 
ഞായറാഴ്‌ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1849 യാത്രക്കാരെയും സ്ക്രീനിങ്ങിന്‌ വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 22 പേരെ ആശുപത്രിയിലേക്ക്‌ അയച്ചു.
 ആഭ്യന്തര വിമാനത്താവളത്തിൽ എത്തിയ 51 യാത്രക്കാരെയും സ്ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന അഞ്ചുപേരെ ആശുപത്രിയിലേക്കയച്ചു. തിരുവനന്തപുരം സെൻട്രൽ, പേട്ട, നേമം, കഴക്കൂട്ടം, കൊച്ചുവേളി, വർക്കല, പാറശാല റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ മാർഗം എത്തിയ 1759 പേരെ സ്‌ക്രീൻ ചെയ്തു. 
തമ്പാനൂർ കെഎസ്ആർടിസി സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം, -കന്നുമാമൂട് എന്നിവിടങ്ങളിൽ ആകെ 582 ബസ് യാത്രക്കാരെയും സ്‌ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന ഒമ്പതുപേരെ കണ്ടെത്തി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കോവിഡ്–--19 ടെസ്റ്റിങ് ലബോറട്ടറി നിലവിൽ വന്നതിനുശേഷം 488 സാമ്പിൾ പരിശോധിച്ചു. ഇതിൽ പോസിറ്റീവായ കേസുകൾ മാത്രമാണ് തുടർ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുന്നത്.
ഒപിക്കുശേഷം ഹാൻഡ്റൈൽ അടക്കം ജനങ്ങൾ കൂടുതൽ  സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കാനുള്ള  പ്രവർത്തനങ്ങൾ ദിവസേന ആശുപത്രിയിൽ നടന്നുവരുന്നുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top