02 March Tuesday
കാട്ടാക്കടയിൽ കാലാവസ്ഥാ നിരീക്ഷണം

ജലസമൃദ്ധിയുടെ ലക്ഷ്യം ജലബജറ്റിങ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ ഉദ്‌ഘാടനം ഐ ബി സതീഷ്‌ എംഎൽഎ നിർവഹിക്കുന്നു

കാട്ടാക്കട
സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച് പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിലാണ് സംവിധാനം. ഇവിടെ ലഭിക്കുന്ന മഴയുടെ അളവ്, കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലുകളിലൂടെ ലഭിക്കുന്ന ജലലഭ്യത എന്നിവ മനസ്സിലാക്കി കൃത്യമായ ജലലഭ്യത, ജലഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ചെറു നീർത്തടത്തിലും ശാസ്ത്രീയ ജലബജറ്റിങ് ഇതിലൂടെ നടത്താം. 
ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ നിയോജക മണ്ഡലംതല ഉദ്‌ഘാടനം മാറനല്ലൂർ സ്കൂളിൽ ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്,  ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് മണ്ഡലത്തിലെ ആറ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്. 
താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദം എന്നിവയുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലൂടെ ലഭിക്കും. ഇവയളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലുമുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റേഷൻ മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചു. 
ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ സ്ഥാപിച്ചിട്ടുണ്ട്. ഡാറ്റ കാണാനും റെക്കോഡ് ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഉപഭോക്താക്കൾക്ക് സാധ്യമാകും. www.kslub.icfoss.org  ലൂടെ ഓരോ 15  മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ ആർക്കും ലഭ്യമാകുമെന്ന് ഭൂവിനിയോഗ കമീഷണര്‍ എ  നിസാമുദ്ദീൻ അറിയിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ്‌കുമാർ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ്‌ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ‌ പ്രോഗ്രാം ഹെഡ് ശ്രീനിവാസ്, പ്രിൻസിപ്പൽ ടി എസ് മഹേഷ്‌കുമാർ, ഹെഡ്മാസ്റ്റർ വി എസ്  ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top