19 March Tuesday

‘ലൈഫ‌് ’വീണ്ടെടുത്ത‌് ചെന്നിലോട‌് അംബേദ‌്കർ ഗ്രാമം

പ്രസാദ്‌ എളങ്കുളംUpdated: Saturday Feb 23, 2019

അംബേദ്‌കർ ഗ്രാമം ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർമാണം പൂർത്തിയായ വീട്‌ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം > മോശം മേൽകൂരകൾ, തകർന്നു തുടങ്ങിയ ഭിത്തി, വൃത്തിഹീനമായ പരിസരം. കഴക്കൂട്ടം മണ്ഡലത്തിലെ ചെന്നിലോട‌് കോളനിയുടെ ദുരവസ്ഥ ഇനി പഴംകഥ. മന്ത്രി എ കെ ബാലന്റെ നിർദേശപ്രകാരം പട്ടിക ജാതി വികസന വകുപ്പ‌് അംബേദ‌്കർ ഗ്രാമം പദ്ധതിയിൽ ഒരു കോടി രൂപ അനുവദിക്കുകയും തന്റെ മണ്ഡലത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിന‌്  ലഭിച്ച തുക വിനിയോഗിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജാഗ്രത കാണിക്കുകയും ചെയ‌്തതോടെ ചെന്നിലോട‌് എസ‌്സി കോളനിക്ക‌് ലഭിച്ചത‌് പുതുജീവിതം. അംബേദ‌്കർ ഗ്രാമം പദ്ധതിയിൽ ലഭിച്ച ഒരു കോടിയിൽ കോളനിയിലെ  പഴയ 17 വീടുകൾക്ക‌് ഓരോ ലക്ഷം നൽകി നവീകരിച്ചു. മേൽകൂരകൾ മാറ്റി. അടർന്നു തുടങ്ങിയ ചുവരുകളെല്ലാം നവീകരിച്ച‌് പെയിന്റടിച്ച‌് പുതുമോടിയാക്കി. മൂന്ന‌് പൊതുകിണറുകൾ ശുചീകരിച്ച‌് കുടിവെള്ളം ഉറപ്പാക്കി. കോളനി റോഡ‌് ടാറിട്ട‌് ഓടകൾ നിർമിച്ച‌് ഹൈടെക‌് ആക്കി.  മഴക്കുഴി ഉൾപ്പെടെ പ്രകൃതി സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കിയിട്ടും ബാക്കി  തുക  വന്നപ്പോൾ ആ തുകയ‌്ക്ക‌് ഗ്രാമത്തിൽ അങ്കണവാടിക്ക‌്  ഇരുനില കെട്ടിടമൊരുക്കാനും നീക്കിവച്ചു.
സംസ്ഥാനത്തെ 267 കോളനികളാണ‌് പരമാവധി ഒരുകോടി രൂപ വീതം ചെലവഴിച്ച‌് അംബേദ‌്കർ ഗ്രാമം പദ്ധതിയിൽ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത‌്. സർക്കാരിന്റെ ആയിരം ദിനത്തിൽ പണി പൂർത്തിയാക്കി കോളനിവാസികൾക്ക‌് സമർപ്പിച്ച പദ്ധതി ചെന്നിലോട‌് നാടിന്റെ ഉത്സവമായാണ‌് ആഘോഷിച്ചത‌്. ഉദ‌്ഘാടനത്തിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ജനപ്രതിനിധികളെയും ആഹ്ലാദം അലതല്ലുന്ന ഹൃദയവായ‌്പോടെ അമ്മമാർ സ്വീകരിക്കുന്ന രംഗം അവിസ‌്മരണീയമായിരുന്നു. 
വീടുകളുടെ പുനരുദ്ധാരണം, കോൺക്രീറ്റ് റോഡ്‌ നിർമാണം, പുതിയ ഓട നിർമാണവും നിലവിലുള്ള ഓടകളുടെ അറ്റകുറ്റപണികളും, കുടിവെള്ള പദ്ധതി, മഴക്കുഴി നിർമാണം കിണർ വൃത്തിയാക്കി പമ്പ്, ടാങ്ക് എന്നിവ ഘടിപ്പിക്കൽ തുടങ്ങി 8 ഇന പദ്ധതികൾ ആണ് ഈ പ്രോജക്ടിലൂടെ നടപ്പിലാക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top