18 May Wednesday

യാത്രക്കാർ കൂടി, കലക്‌ഷനും

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022
തിരുവനന്തപുരം
നഗരയാത്രികർക്ക്‌ സുഖയാത്ര ഒരുക്കാൻ കെഎസ്‌ആർടിസി ആരംഭിച്ച സിറ്റി സർക്കുലർ സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ടിക്കറ്റ്‌ കലക്‌ഷനിലും വർധനയുണ്ട്‌. നവംബർ ഒന്നു മുതലാണ്‌ സിറ്റി സർക്കുലർ സർവീസുകൾ പൂർണതോതിലായത്‌. പ്രതിദിനം മൂവായിരം യാത്രക്കാർ ഉണ്ടായിരുന്നത്‌ ഇപ്പോൾ ശരാശരി 16000 ആയി. പ്രതിദിനം തുടക്കത്തിൽ 56000 രൂപയായിരുന്ന കലക്ഷൻ ഇപ്പോൾ 1.20 ലക്ഷമായി. കോവിഡ്‌ രൂക്ഷമായതിനെത്തുടർന്ന്‌ ഒരാഴ്‌ചയായി യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും സാഹചര്യം മാറിയാൽ യാത്രക്കാരും കലക്‌ഷനും കൂടുമെന്നാണ്‌ പ്രതീക്ഷ. 
ന​ഗരത്തിന്‌ പുറത്തുള്ള യാത്രക്കാർക്ക്‌ വേഗത്തിൽ ന​ഗരത്തിലെത്താൻ ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസുകൾക്കും മികച്ച പ്രതികരണം. പള്ളിച്ചൽ, പ്രാവച്ചമ്പലം, നേമം എന്നിവിടങ്ങളിൽനിന്ന്‌ രണ്ട്‌ ബസുവീതമാണ്‌ ഷട്ടിൽ സർവീസുള്ളത്‌. 
സിറ്റി ഷട്ടിൽ സർവീസുകളിൽ ടുഡേ ടിക്കറ്റെടുത്താൽ 30 രൂപയ്‌ക്ക്‌ 12 മണിക്കൂർ എല്ലാ സർക്കിളിലും യാത്ര ചെയ്യാം. സർക്കുലർ സർവീസുകളിൽ ഒരു യാത്രയ്ക്ക്  10 രൂപ മാത്രം. 
മടക്കയാത്ര ടിക്കറ്റിന്‌ 
30 ശതമാനം കിഴിവ്‌
സിറ്റി ഷട്ടിൽ, സർക്കുലർ ബസിൽ കയറുമ്പോൾത്തന്നെ മടക്കയാത്ര ടിക്കറ്റുകൂടി എടുക്കുന്നവർക്ക്‌ ആകെ ടിക്കറ്റ്‌ തുകയുടെ 30 ശതമാനം കിഴിവ്‌ ലഭിക്കും. തുടർ യാത്രയ്‌ക്കായി ഗ്രൂപ്പ്‌ ടിക്കറ്റ്‌ എടുക്കുന്നവർക്കും നിരക്ക്‌ കുറയും. പള്ളിച്ചലിൽനിന്ന്‌ കിഴക്കേകോട്ടയിലേക്ക്‌ 15 രൂപയാണ്‌ സിറ്റി ഷട്ടിൽ നിരക്ക്‌. സ്‌റ്റാച്യുവിൽ ഇറങ്ങേണ്ട യാത്രക്കാരന്‌ 17 രൂപ നൽകി പള്ളിച്ചലിൽനിന്ന്‌ സ്‌റ്റാച്യു ടിക്കറ്റെടുക്കാം. ഷട്ടിൽ ബസിൽ കിഴക്കേകോട്ടയിൽ ഇറങ്ങി ആദ്യം എടുത്ത ടിക്കറ്റ്‌ ഉപയോഗിച്ച്‌ മറ്റൊരു സർക്കുലർ ബസിൽ സ്‌റ്റാച്യുവിൽ ഇറങ്ങാം. സാധാരണഗതിയിൽ ഇറങ്ങി കയറുമ്പോൾ കിഴക്കേകോട്ടയിൽനിന്ന്‌ സ്‌റ്റാച്യുവിലേക്ക്‌ 10 രൂപ നൽകേണ്ടി വരും. നേരിട്ടുള്ള ടിക്കറ്റെടുത്ത്‌ സർക്കുലർ ബസിൽ മാറി കയറിയാൽ അധികച്ചെലവ്‌ ഒഴിവാക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top