Deshabhimani

കേരള വനിതകള്‍ക്ക് ഇന്ന് സ്വര്‍ണ മെഡല്‍ പോരാട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 01:00 AM | 0 min read

 വെഞ്ഞാറമൂട് > ദേശീയ അക്വാട്ടിക് വാട്ടർപോളോ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ സൂപ്പര്‍ ലീഗ് മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. അഞ്ചിനെതിരെ പതിനെട്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിന്റെ കൃപയാണ് മത്സരത്തിലെ താരം. ഞായർ രാവിലെ 11.45ന് നടക്കുന്ന മത്സരത്തിൽ കേരളം ബംഗാളിനെ നേരിടും. വനിതാവിഭാഗത്തിലെ സ്വര്‍ണമെഡല്‍ വിജയിയെ നിര്‍ണയിക്കുന്ന മത്സരമാണിത്‌.  സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ മഹാരാഷ്ട്രയെ മൂന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാളിന്റെ വരവ്. കളിച്ച രണ്ടുമത്സരങ്ങള്‍ പരാജയപ്പെട്ടെങ്കിലും മഹാരാഷ്ട്ര വെങ്കലം നേടി. 
 
പുരുഷവിഭാഗത്തില്‍ രണ്ടുവിജയവുമായി സ്വര്‍ണമെഡല്‍ പ്രതീക്ഷയില്‍ എസ്എസ്‌സിബിയും, ആര്‍എസ്‌പിബിയും. ശനി നടന്ന രണ്ടുമത്സരങ്ങളില്‍ എസ്എസിസിബി ആദ്യ മത്സരത്തില്‍ മൂന്നിനെതിരെ 17 ഗോളുകള്‍ക്ക് മഹാരാഷ്ട്രയെയും രണ്ടാംമത്സരത്തില്‍ പത്തിനെതിരെ 23 ഗോളുകള്‍ക്ക് പൊലീസിനെയും തോല്‍പ്പിച്ചു. ആര്‍എസ്‌പിബി ആദ്യ മത്സരത്തില്‍ പത്തിനെതിരെ 17 ഗോളുകള്‍ക്ക് പൊലീസിനെയും രണ്ടാം മത്സരത്തില്‍ അഞ്ചിനെതിരെ 15 ഗോളുകള്‍ക്ക് മഹാരാഷ്ട്രയെയും പരാജയപ്പെടുത്തി. ഞായർ നടക്കുന്ന എസ്എസ്‌സിബി, ആര്‍എസ്‌സിബി പോരാട്ടത്തിലെ വിജയികളായിരിക്കും പുരുഷവിഭാഗത്തിലെ ചാമ്പ്യന്‍മാര്‍. 
 
സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഏറ്റവും അധികം പോയിന്റ് നേടുന്നവര്‍ ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളാകും. ഫൈനല്‍ മത്സരം ഉണ്ടായിരിക്കുന്നതല്ല. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളവര്‍ വെള്ളിയും മൂന്നാം സ്ഥാനത്തുള്ളവര്‍ വെങ്കലവും നേടും. ഡൈവിങ് പുരുഷവിഭാഗത്തില്‍ എസ്എസ്‌സിബിയും വനിതാ വിഭാഗത്തില്‍ ആര്‍എസ്‌പിബിയും ഓവറോള്‍ ചാമ്പ്യന്‍മാരായി. വനിതാ വിഭാഗത്തില്‍ 27 പോയിന്റ് നേടി ആര്‍എസ്‌പിബി ചാമ്പ്യന്‍മാരായി. 18 പോയിന്റ് നേടിയ മധ്യപ്രദേശിനാണ് രണ്ടാം സ്ഥാനം. 
 
ശനി നടന്ന പുരുഷന്‍മാരുടെ ഒരു മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങില്‍ എസ്എസ്‌സിബിക്ക് സ്വര്‍ണം. 310.80 പോയിന്റുമായി ഹേമം -ലണ്ടന്‍ സിങ് ആണ് എസ്എസ്‌സിബിക്ക് വേണ്ടി സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മൂന്ന് മീറ്റര്‍ സ്പ്രിംങ് ബോര്‍ഡ് ഡൈവിങ്ങില്‍ ഹേമം വെങ്കലം നേടിയിരുന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മധ്യപ്രദേശിന്റെ പലക് ശര്‍മ സ്വര്‍ണം നേടി. 162.30 പോയിന്റ് നേടിയാണ് സ്വര്‍ണ നേട്ടം.


deshabhimani section

Related News

View More
0 comments
Sort by

Home