21 October Monday

വോട്ടാരവങ്ങളിലേക്ക്‌ വട്ടിയൂർക്കാവ്‌

എം വി പ്രദീപ‌്Updated: Sunday Sep 22, 2019
തിരുവനന്തപുരം 
വട്ടിയൂർക്കാവ്‌  നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ ആരവങ്ങളിലേക്ക്‌. എംഎൽഎ ഫണ്ടിനപ്പുറത്തേക്കുള്ള വികസനസ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ ലഭിച്ച അവസരമാണ്‌ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ  24 വാർഡുകൾ ഉൾക്കൊണ്ട മണ്ഡലത്തിലെ ഒന്നരലക്ഷത്തിലേറെ വോട്ടർമാർക്ക്‌ കൈവന്നിരിക്കുന്നത്‌. എട്ട്‌ വർഷത്തിലേറെ എംഎൽഎയായിരുന്ന കെ മുരളീധരൻ,  പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മണ്ഡലം വിട്ടതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.  വലിയ വികസനസാധ്യതകളുള്ള മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന്‌ ജനങ്ങളെ നയിക്കാൻ മുരളീധരന്‌ കഴിഞ്ഞിരുന്നില്ല. വട്ടിയൂർക്കാവ്‌ ജങ്‌ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനത്തിന്‌ 2017മുതൽ പദ്ധതി അനുവദിച്ചിട്ടും അത്‌ പ്രാവർത്തികമാക്കുന്നതിന്‌ നേതൃത്വം നൽകാൻ മുരളീധരൻ ശ്രമിച്ചില്ല. കോൺഗ്രസിലെ ഗ്രൂപ്പ്‌ പോരുകളിൽ ബഹളംകൂട്ടി മാധ്യമശ്രദ്ധ നേടാൻ മാത്രമാണ്‌ സ്ഥലം എംഎൽഎ  ശ്രമിച്ചുകൊണ്ടിരുന്നത്‌. 
 
2017ൽ വട്ടിയൂർക്കാവ്‌ ജങ്‌ഷൻ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാർ 100 കോടി അനുവദിച്ചപ്പോഴും എംഎൽഎ മുഖം തിരിച്ചു. പിന്നീട്‌ 2018ൽ പദ്ധതി അനുവദിച്ചപ്പോഴും അത്‌ യാഥാർഥ്യമാക്കാൻ ശ്രമിച്ചില്ല. തുടർന്ന്‌ ജനങ്ങൾ ഒറ്റക്കെട്ടായി സംയുക്തപ്രക്ഷോഭത്തിന്‌ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചപ്പോൾ അത്‌ പൊളിക്കാൻ ബദൽ ആക്‌ഷൻ കമ്മിറ്റി ഉണ്ടാക്കാനാണ്‌ മുരളീധരൻ ശ്രമിച്ചത്‌. തുടർന്ന്‌ കിഫ്‌ബി ഫണ്ടിൽ 195 കോടിയുടെ പദ്ധതിയാണ്‌ വട്ടിയൂർക്കാവിന്‌ അനുവദിച്ചത്‌. അതിൽ 95 കോടി അനുവദിക്കുകയും ചെയ്‌തു. സ്ഥലം ഏറ്റെടുക്കാൻമാത്രം 45 കോടി  അനുവദിച്ചു. വട്ടിയൂർക്കാവ്‌, പേരൂർക്കട, കുടപ്പനക്കുന്ന്‌  ഭാഗങ്ങളിലെ വർഷങ്ങളായുള്ള പട്ടയ പ്രശ്‌നങ്ങൾക്ക്‌ ശാശ്വതപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക്‌ തുടക്കംകുറിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌. 
 
2006വരെ തിരുവനന്തപുരം നോർത്ത്‌ മണ്ഡലമായിരുന്നത്‌ വേഷപ്പകർച്ചകളോടെയാണ്‌ 2011ൽ വട്ടിയൂർക്കാവ്‌ മണ്ഡലമായത്‌. തിരുവനന്തപുരം നോർത്ത്‌ മണ്ഡലം നിലവിൽ വന്ന 1977ൽ സ്വതന്ത്രനായ കെ രവീന്ദ്രൻനായരാണ്‌, 1980ലും  87ലും 91ലും 96ലും 2006ലും എൽഡിഎഫ്‌ വിജയിച്ചു. 1982ലും 2001ലും കോൺഗ്രസും വിജയിച്ചു. ശ്രീകാര്യവും ഉള്ളൂരും കഴക്കൂട്ടത്തേക്ക്‌ പോയി. പകരം അരുവിക്കരയുടെ ഭാഗമായിരുന്ന നെട്ടയം വട്ടിയൂർക്കാവിലേക്ക്‌ കടന്നുവന്നു. 
 
2011ലും 2016ലും യുഡിഎഫ്‌ നേടി. എന്നാൽ, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ വോട്ടിൽ എൽഡിഎഫ്‌ ആയിരുന്നു മുന്നിൽ. കോർപറേഷനിലെ ജനകീയഭരണവും എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ജനക്ഷേമഭരണവും വട്ടിയൂർക്കാവിന്റെ ജനമനസ്സിനെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നതാണ്‌. വർഗീയതയുടെ വിഷം ചീറ്റലുകൾക്കും അഴിമതിക്കപ്പുറം ഒരു ജനക്ഷേമത്തോടും താൽപ്പര്യമില്ലാത്ത യുഡിഎഫിനും വട്ടിയൂർക്കാവിൽ ഇക്കുറി സ്ഥാനമുണ്ടാകില്ല. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കായി സുസജ്ജമായിക്കഴിഞ്ഞു. സിപിഐ എം, എൽഡിഎഫ്‌ സമിതികൾ  ഉടൻ ചേർന്നശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.  സ്ഥാനാർഥിത്വത്തിന്‌ വേണ്ടി കോൺഗ്രസിൽ തമ്മിലടിയും ചരടുവലിയും മൂർച്ഛിച്ചിട്ടുണ്ട്‌. ബിജെപിയിലും പോര്‌ തുടങ്ങിയിട്ടുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top