18 November Monday

കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ്‌ ഗാർഡിനായി തെരച്ചിൽ

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019

ജോൺസൺ ഗബ്രിയേലിന്റെ കുടുംബാംഗങ്ങൾ

 
തിരുവനന്തപുരം 
കടലിനെ നോക്കി നെഞ്ച്‌പൊട്ടി നിലവിളിക്കുന്ന  അമ്മയേയും മക്കളെയും സാന്ത്വനിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. കലി തുള്ളി ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകൾക്കുമുന്നിൽ നിസ്സഹായരായ ലൈഫ്‌ ഗാർഡുമാർ. കടലിലിറങ്ങുന്നവരുടെ രക്ഷകനായ തങ്ങളുടെ പ്രിയ ചങ്ങാതിയെ രക്ഷിക്കാൻ കഴിയാത്തതിന്റെ  നൊമ്പരത്തിൽ മത്സ്യത്തൊഴിലാളി സുഹൃത്തുക്കൾ. ശംഖുംമുഖം  ബുധനാഴ്‌ച  സങ്കടക്കാഴ്‌ചകളുടേതായിരുന്നു. 
 
വൈകിട്ട്‌ അഞ്ചോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. കടപ്പുറത്തെത്തിയ  മൂന്നാർ സ്വദേശി യുവതിയെ ലൈഫ്‌ ഗാർഡായ ജോൺസൺ ഗബ്രിയേൽ രക്ഷിക്കാനായി കടലിലേക്കിറങ്ങുകയായിരുന്നു. യുവതിയെ കടലിൽനിന്ന്‌ രക്ഷിച്ച്‌ തീരത്തെത്തിച്ചെങ്കിലും പിന്നാലെ ശക്തമായ തിരയിൽ ജോൺസൺ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞാണ്‌ ജോൺസന്റെ ഭാര്യ ശാലിനിയും മക്കളായ  അഭിയും ആതിരയും കടപ്പുറത്തെത്തിയത്‌. മൂവരുടെയും കരച്ചിലും നിലവിളിയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരണിയിച്ചു. 
 
കഠിനാധ്വാനിയും നാട്ടുകാർക്ക് ഏറെ പ്രിയങ്കരനുമായിരുന്നു ജോൺസൺ. കടലിൽ ഇറങ്ങുന്നവർക്ക്‌ മുന്നറിയിപ്പുമായി സദാ തീരത്ത്‌ ജോൺസനുണ്ടാവും. ആരെങ്കിലും അപകടത്തിൽപെട്ടാൽ രക്ഷിക്കാനും എപ്പോഴും ജോൺസൺ മുന്നിലുണ്ടാവും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശംഖുംമുഖത്തെത്തിയിരുന്നു. ഊർജിതമായ തെരച്ചിൽ നടത്താൻ മന്ത്രി ബന്ധപ്പെട്ടവർക്ക്‌ നിർദ്ദേശം നൽകി. കോസ്‌റ്റ്‌ ഗാർഡ്‌ രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്‌. 
 
  ചെറിയുതറ സ്വദേശിയായ ജോൺസൺ ശംഖുംമുഖം വയർലസ്‌ രാജീവ്‌ നഗറിൽ പുതുവൽ പുത്തൻവീട്ടിലാണ്‌ താമസം. വീടിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ജോൺസൻ കടലിൽ അകപ്പെട്ട വിവരമറിഞ്ഞ്‌ ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേർ കടപ്പുറത്തെത്തി. 
 
  മൂന്നാർ സ്വദേശിനിയായ യുവതി ആത്മഹത്യശ്രമത്തിന്റെ ഭാഗമായാണ്‌ കടലിൽ ചാടിയതെന്ന്‌ നാട്ടുകാർ പറഞ്ഞു. എന്നാൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി എടുത്താലേ ഇതുസംബന്ധിച്ച്‌ വ്യക്തത വരുകയുള്ളൂവെന്ന്‌ വലിയതുറ പൊലീസ്‌ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top