25 August Sunday
കുടിലെടുത്ത‌് കാട്ടാനക്കൂട്ടം

കൈക്കുഞ്ഞുമായ‌് പ്രീതി ഓടി; ജീവിതത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ഇടിഞ്ഞാർ മുത്തിപ്പാറയിൽ കാട്ടാനക്കൂട്ടം തകർത്ത കുടിൽ

 
പാലോട്
മഴകനത്ത‌് പെയ്യുന്നതിനിടയിലാണ‌് വീടിന്റെ തൂണുകൾ ഒടിയുന്ന ശബ്ദം പ്രീതികേൾക്കുന്നത‌്. ഈറ്റയും മണ്ണും കൊണ്ട‌് നിർമിച്ച വീട‌് പൊടുന്നനെ നിലംപൊത്തി. ചുറ്റും എന്താണ‌് നടക്കുന്നത‌് എന്ന‌് മനസ്സിലാക്കുന്നതിന‌് മുമ്പ‌് കാടിറങ്ങിവന്ന കരിവീരന്മാർ ആ കുടിലിന്റെ അസ്ഥിവാരം തോണ്ടി. പ്രീതിയും ഭർത്താവ് ദീപുവും അമ്മ ശോഭനയും കൈക്കുഞ്ഞുമായി സമീപത്തെ കുടിലിലേക്ക‌് ഓടി മാറിയത‌ുകൊണ്ട‌് വൻ ദുരന്തം വഴിമാറി.  
 
മഴ കനത്തതോടെ പെരിങ്ങമ്മല ഫോറസ്റ്റ് സെക‌്‌ഷനിലെ നിത്യസംഭവങ്ങളിൽ ഒന്നാണിത‌്. കാട്ടാന ശല്യം രൂക്ഷമായ ഇടിഞ്ഞാർ മുത്തിപ്പാറയിൽ സിന്ധു ഭവനിൽ പ്രീതിയും കുടുംബവും തലനാരിഴയ‌്ക്ക‌് രക്ഷപ്പെട്ടത‌് മരണത്തിൽ നിന്നാണ‌്. മുത്തിപ്പാറയ്ക്ക്‌ പുറമെ സമീപത്തെ മറ്റ് പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ‌്. 
 
വനം വകുപ്പ് സോളാർ ഫെൻസിങ‌് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലംകാണുന്നില്ല. ഇൗ മേഖലയിലെ നിരവധിപേരുടെ കൃഷിയിടങ്ങളും കാട്ടാനകൾ നശിപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേർന്ന് ഉൾവനത്തിലേയ്ക്ക്‌ ഓടിച്ച് കയറ്റിയിരുന്നു. എന്നാൽ, മഴ തുടങ്ങിയതോടെ ഇഷ‌്ട ഭക്ഷണം തേടിയാണ‌് കാട്ടാന നാട്ടിലേക്കെത്തുന്നത‌്. വാഴയും റബറും കമുകും ഉൾപ്പെടെ കാർഷിക വിളകൾ മുഴുവനും നശിപ്പിച്ച കാട്ടാനക്കൂട്ടത്തെ ഭയന്ന് കഴിയുകയാണ് പ്രദേശവാസികൾ.
പ്രധാന വാർത്തകൾ
 Top