02 August Monday
ചക്രസ്‌തംഭന സമരം

നിരത്ത്‌ നിശ്ചലമായി

സ്വന്തം ലേഖകൻUpdated: Tuesday Jun 22, 2021

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ചക്രസ്‌തംഭന സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കോവിഡ്‌ ദുരിതത്തിനിടെ ഇന്ധനവില കൂട്ടി വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ നിരത്ത്‌ നിശ്ചലമാക്കി കേരളത്തിന്റെ പ്രതിഷേധം. ട്രേഡ്‌ യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ചക്രസ്‌തംഭന സമരത്തിൽ സംസ്ഥാനം കാൽ മണിക്കൂറിലേറെ നിശ്ചലമായി. പകൽ 11 മുതൽ 11.15 വരെ വാഹനം നിർത്തിയിട്ടായിരുന്നു പ്രതിഷേധം. തൊഴിലാളികൾക്കൊപ്പം ജനങ്ങളും അണിനിരന്നതോടെ സമരം പൂർണമായി. അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ–- ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലയിൽ 455 കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 
തിരുവനന്തപുരം സ്റ്റാച്യുവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. ഓവർ ബ്രിഡ്‌ജിൽ ഡോ. എ നീലലോഹിതദാസൻ നാടാർ (ജെഡിയു), പിഎംജിയിൽ പി കെ കുഞ്ഞാലിക്കുട്ടി (എസ്‌ടിയു) എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി എം, എച്ച്‌എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി ബി, കെടിയുസി ജെ, എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു എന്നീ സംഘടന പങ്കെടുത്തു. സമരം വിജയിപ്പിച്ച എല്ലാവരെയും ട്രേഡ് യൂണിയൻ സംയുക്ത സമിതി ജനറൽ സെക്രട്ടറി എളമരം കരീം എംപി അഭിവാദ്യം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top