തിരുവനന്തപുരം
കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയിലെത്തുന്നവരുടെ ഹൃദയം കവർന്ന് കേരള പൊലീസ് കെ9 സക്വാഡ് ഒരുക്കിയ ഡോഗ് ഷോ. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും പരിശീലനം നേടിയ ശ്വാനവീരന്മാരാണ് അഭ്യാസ പ്രകടനങ്ങളിലൂടെ കാണികളുടെ ശ്രദ്ധയാകർഷിക്കുന്നത്. ലക്കി, ഡോളി, ദിയ, അർജുൻ, സാമന്ത, ജാക്ക് എന്നിങ്ങനെ ആറ് ശ്വാനന്മാരാണ് സംഘത്തിലുള്ളത്.
കേസന്വേഷണത്തിന്റെ ഭാഗമായി കുറ്റവാളിയെ കണ്ടെത്തുന്നത്, ലഹരി- സ്‌ഫോടക വസ്തുക്കൾ കണ്ടെത്തൽ, ട്രെയിനർമാരുടെ നേതൃത്വത്തിൽ വിവിധതരം അഭ്യാസ പ്രകടനങ്ങൾ എന്നിവയാണ് ഡോഗ് ഷോയുടെ ഭാഗമായി അവതരിപ്പിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായി പ്രതിയിക്ക് പൊലീസ് നായ എത്തിച്ചേരുന്നതിന്റെ ദൃശ്യാവിഷ്‌കാരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ പരിപാടിയും ഷോയുടെ ഭാഗമായി സംഘടിപ്പിച്ചു. ഫയർ റിങ് എസ്കേപ്, പരിശീലകരുമായുള്ള അടുപ്പം പ്രകടിപ്പിക്കുന്ന അഭ്യാസങ്ങൾ എന്നിവയുമുണ്ട്.തൃശൂർ പൊലീസ് അക്കാദമിയിൽനിന്നാണ് നായ്‌ക്കൾക്ക് പരിശീലനം നൽകിയത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ തുടങ്ങുന്ന പരിശീലനം ഒൻപത് മാസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. എഎസ്‌ഐ ശ്രീകുമാർ ഉണ്ണിത്താന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് ഡോഗ് ഷോയ്ക്ക് നേതൃത്വം നൽകുന്നത്. 27 വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് ഡോഗ് ഷോ ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..