25 May Monday

ആളൊഴിഞ്ഞ്‌ ചാല

എസ്‌ ശ്രീലക്ഷ്‌മിUpdated: Sunday Mar 22, 2020

സാധാരണയിലും പകുതിയായി തിരക്കൊഴിഞ്ഞ ചാല മാർക്കറ്റ്‌

തിരുവനന്തപുരം
തിരക്കില്ലാത്ത ചാലക്കമ്പോളത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ തന്നെ തിരുവനന്തപുരത്തുകാർക്ക്‌ അതിശയമായിരിക്കും. പക്ഷേ, കഴിഞ്ഞ കുറെ ദിവസമായി തെരുവുകൾ ശൂന്യമാണ്‌. കടകളിലേക്ക്‌ ആളുകളെ വിളിച്ചുകയറ്റാൻ തയ്യാറായിരിക്കുന്ന വ്യാപാരികളും മറ്റു കച്ചവടക്കാരും നിശ്ശബ്ദരാണ്‌. കോവിഡ്‌ –-19 ജാഗ്രതാ നിർദേശങ്ങൾ വന്നതോടെ ആളുകൾ മാർക്കറ്റിൽ എത്തുന്നത്‌ കുറഞ്ഞു. വഴിയോരക്കച്ചവടക്കാരിൽ പലരുമെത്തുന്നില്ല. 
 
തിരക്കിട്ട്‌ ചലിച്ചിരുന്ന കരുപ്പെട്ടിക്കട തെരുവിലും കൊത്തുവാൾ തെരുവിലും ആളൊഴിഞ്ഞു. ചാലയിൽ ഇങ്ങനെ തിരക്ക്‌ കുറഞ്ഞുകണ്ടിട്ടില്ലെന്ന്‌  20 വർഷമായി ഇവിടെ വ്യാപാരം നടത്തുന്ന മുഹമ്മദ്‌ സിദ്ദിഖ്‌. “ഉത്സവകാലമാണ്‌, കല്യാണ സീസണും..തുണിയെടുക്കാനും സദ്യക്കും മറ്റുമുള്ള സാധനങ്ങൾ വാങ്ങാനും നിരവധിപേർ എത്തുന്ന സമയം. എല്ലാം മാറ്റിവച്ചതോടെ കച്ചവടം കുറഞ്ഞു. നിരത്തുകളിൽ ആരുമില്ല”–-സിദ്ദിഖ്‌ പറഞ്ഞു.  ചെറുകിട തൊഴിലാളികളെയാണ്‌ ഇത്‌ കൂടുതലും ബാധിക്കുന്നത്‌.  ദിവസവാടകയ്‌ക്ക്‌ കട നടത്തുന്നവരിൽ പലരും പ്രതിസന്ധിയിലാണ്‌. 
 
“കച്ചവടം കുറവാണ്. തുണി വാങ്ങാനൊന്നും ആളെത്തുന്നില്ല. 6000 രൂപയൊക്കെയായിരുന്നു സാധാരണ ദിവസവരുമാനം. ഇതിപ്പോ 1000 തികച്ചില്ല. 800 രൂപ ദിവസവാടക. അതുകൊടുത്താൽ പിന്നെ എന്താ ബാക്കിയുള്ളേ’’–- ചാല മാർക്കറ്റിൽ തുണിക്കടയിലെ ജീവനക്കാരി നസീമ പറഞ്ഞു. 60 വയസ്സുണ്ട്‌ നസീമയ്‌ക്കൊപ്പം ജോലിചെയ്യുന്ന ബഷീറിന്‌. ബഷീറിന്റെ ആകെയുള്ള വരുമാനം ഇതാണ്‌. “മറ്റു പണിക്കൊന്നും പോകാൻ കഴിയില്ല. ഈ പൈസയും കിട്ടാതായാൽ എന്തുചെയ്യുമെന്നറിയില്ല.’’ –- ബഷീറിന്റെ വാക്കുകളിൽ നിരാശ. 
 
 “’രാവിലെ വരും. കട തുറക്കും. പക്ഷേ, വളരെ കുറച്ചുപേരാണ് സാധനം വാങ്ങാനെത്തുന്നത്.  ഒരു ദിവസം 20,000 വരെയൊക്കെ വരുമാനമുണ്ടായിരുന്നു. അതിപ്പോൾ നന്നേ കുറഞ്ഞു. വാടക ഒരു മാസത്തേക്ക് അവധി പറഞ്ഞിരിക്കുകയാണ്. കടം കൂടുമെന്നറിയാം. വേറെ വഴിയില്ലല്ലോ’’–- റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായ അലി പറയുന്നു. അതിഥിത്തൊഴിലാളികളാണ്‌ കുടുതലും ഇവരുടെ കടകളിൽ സാധനം വാങ്ങാൻ എത്തിയിരുന്നത്‌. ജോലി കുറഞ്ഞതോടെ അവരെല്ലാം നാട്ടിലേക്ക്‌ പോയി. കെട്ടിടം ഉടമകളിൽ ചിലർ വാടക ഒരുമാസത്തേക്ക്‌ നൽകേണ്ടെന്ന്‌ പറയുന്നുണ്ട്‌. കൂടുതൽ നിയന്ത്രണം വന്നാൽ വരുംദിവസങ്ങളിൽ കട തുടർച്ചയായി അടച്ചിടേണ്ടിവരുമെന്ന ആശങ്കയിലാണ്‌ കച്ചവടക്കാർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top