30 May Saturday
കച്ചവടംമുട്ടിച്ച കൊറോണക്കാലം

ഈ കാലവും തള്ളിനീക്കും...

എ എസ്‌ ശരത്‌Updated: Sunday Mar 22, 2020

ആര്യനാട് പബ്ലിക് മാർക്കറ്റിലേക്കുള്ള വഴി തിരക്കൊഴിഞ്ഞപ്പോൾ

ആര്യനാട് 
"മൊത്തത്തില് പഞ്ഞം തന്ന പുള്ളേ. ചന്തയിലേക്ക്‌ ആളുകളുടെ വരവ് കൊറഞ്ഞ്. നമ്മള് ഇവിടുത്ത കച്ചോടം കൊണ്ടല്ലേ ജീവിക്കണത്. ആളില്ലാത്തോണ്ട് വരുമാനോം കൊറവ് തന്നെ. എന്തരായാലും തള്ളിനീക്കിയല്ലേ പറ്റൂ'. ആളും ബഹളവുമില്ലാത്ത ആര്യനാട് ചന്തയിൽ നെടുവീർപ്പോടെ ഇതുപറയുന്നത്‌ സ്ഥിരം കച്ചവടക്കാരി രാധയാണ്. കോവിഡ്‌ കാലം ജീവിതമാർഗത്തെ പ്രതിസന്ധിയിലാക്കിയ അങ്കലാപ്പിലും അതിജീവിക്കുമെന്ന ഉറപ്പ് ഇവരുടെ വാക്കുകളിലുണ്ട്.
 
ചെറുകിട കച്ചവടക്കാരുടെ വരുമാനം നന്നേ കുറഞ്ഞു. എല്ലാദിവസവും ഒമ്പതോടെ ഉണരുന്ന ആര്യനാട് ചന്തയിൽ 10 മുതൽ 12 വരെ വൻ തിരക്കാണ്. ഉൽപ്പന്നങ്ങൾ ചന്തയിൽ വിറ്റുകിട്ടുന്ന വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കുന്ന നിരവധി കച്ചവടക്കാർ ഇവിടെയുണ്ട്. ആവശ്യക്കാരുടെ വരവ് കുറഞ്ഞത് കച്ചവടക്കാരെ സാരമായി ബാധിച്ചു.
 
കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾ മുഴുവനായി വിറ്റുപോകാത്ത ദിവസങ്ങൾ.. ഇതോടെ ദൈനംദിന ചെലവുകൾക്കുള്ള വഴി എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക. ഇതിനിടയിലും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായങ്ങൾ ആശ്വാസമാകുന്നുണ്ട്‌. രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകാനും ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാനും തീരുമാനമായതും വൈദ്യുതി, വാട്ടർ കണക്‌ഷൻ ബില്ലുകളടയ്ക്കാൻ സാവകാശം നൽകിയതും ആശ്വാസംതന്നെയെന്ന്‌ കച്ചവടക്കാർ പറയുന്നു.  എല്ലായിടത്തെയും ചെറുകിട കച്ചവടക്കാരുടെ സ്ഥിതി ഇതുതന്നെ. ഒരിത്തിരി പ്രയാസമനുഭവിച്ചാലും നാടിനെ ബാധിച്ച മഹാമാരി ഒഴിഞ്ഞുപോകട്ടെയെന്ന ആഗ്രഹത്തിൽ ഇവരെല്ലാം ഒറ്റക്കെട്ടാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top