25 May Saturday
മെഡി. കോളേജ‌് രാജ്യാന്തരനിലവാരത്തിലേക്ക‌്

717.29 കോടിയുടെ മാസ‌്റ്റർപ്ലാൻ

ജി എസ‌് സജീവ‌്Updated: Friday Feb 22, 2019
തിരുവനന്തപുരം
ആംബുലൻസുകൾപോലും അക‌പ്പെട്ടുപോകുന്ന ഗതാഗതക്കുരിക്കിന്റെ വീർപ്പുമുട്ടൽ, സൗകര്യങ്ങൾ വർധിപ്പിക്കും തോറും അസൗകര്യങ്ങൾ കൂടിവരുന്ന പരിസരം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എണ്ണിപ്പറയാനുള്ളത‌് ദുരിതങ്ങൾ മാത്രം. ലാബുകൾ തേടി അലയേണ്ടിവരുന്ന ദുഃരവസ്ഥ മറുഭാഗത്ത‌്. പരിഭവങ്ങളും പരാതികളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ. എത്ര പദ്ധതികൾ നടപ്പാക്കിയാലും അവയെല്ലാം കടലിൽ കായം കലക്കിയപോലെ.
 
വർധിക്കുന്ന കിടപ്പുരോഗികളുടെ എണ്ണവും ചികിത്സതേടി പുതുതായെത്തുന്ന ആയിരങ്ങളും ചേരുമ്പോൾ ചെറിയ പദ്ധതികൾ കൊണ്ടൊന്നും തലസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിനെ മാറ്റിയെടുക്കാനാവില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കണമെങ്കിൽ എല്ലാം അടിമുടി മാറണം. അത‌് അടുത്ത 25 വർഷംകൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതിയായിരിക്കണം. ദീർഘവീക്ഷണവും നിശ‌്ചയദാർഢ്യവും കൈമുതലായുള്ള എൽഡിഎഫ‌് സർക്കാരിന്റെ ബൃഹദ‌്പദ്ധതിക്ക‌് 26ന‌് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കംകുറിക്കുകയാണ‌്. 
 
സാധാരണക്കാർക്ക‌് മികച്ച ചികിത്സയ‌്ക്കായി സർക്കാരിന്റെ 1000 ദിനത്തിൽ മെഡിക്കൽ കോളേജിൽ ഒരുക്കിയ പദ്ധതികൾക്ക‌് പുറമെയാണ‌് 717.29 കോടി രൂപയുടെ മാസ‌്റ്റർ പ്ലാൻ തയ്യാറാക്കി ബൃഹദ‌് നിർമാണ പദ്ധതിക്ക‌് തുടക്കമിടുന്നത‌്. അമ്പരപ്പിക്കുന്ന ഭൗതിക സൗകര്യ വികസനത്തിനൊപ്പം വൈദ്യശാസ്ത്ര രംഗത്തെ ആധുനിക ചികിത്സാസമ്പ്രദായങ്ങൾ സാധാരണക്കാരിലെത്തിക്കാനും അക്കാദമിക് രംഗം മികവുറ്റതാക്കാനുമുൾപ്പെടെ നിരവധി പദ്ധതികളാണ‌് മാസ്റ്റർപ്ലാനിൽ ഉള്ളത‌്. 
 
പ്രഖ്യാപിക്കുന്ന പദ്ധതികൾ യാഥാർഥ്യമാക്കുകയെന്ന നിശ‌്ചയദാർഢ്യമുള്ള സർക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമഗ്രമായൊരു മാസ്റ്റർ പ്ലാൻ എന്നത്. ആദ്യഘട്ടത്തിനായി കിഫ്ബി അനുവദിച്ച 58.37 കോടി രൂപ അടിസ്ഥാന ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താനും പാർക്കിങ്ങിനും വിനിയോഗിക്കും. ക്യാമ്പസ് റോഡ് വികസനവും അറുനൂറോളം കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന രണ്ട് മൾട്ടി ലെവൽ കാർ പാർക്കിങ‌് സൗകര്യവും പുതിയ ആകാശപാത നിർമാണവും ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കും. 140 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന മെഡിക്കൽ കോളേജ‌് ക്യാമ്പസിനുള്ള മാസ്റ്റർ പ്ലാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ആശുപത്രി ആധുനികവൽക്കരിക്കുന്നതിനും ഊന്നൽ നൽകുന്നു. അടുത്ത കാൽ നൂറ്റാണ്ടിലേക്കുള്ള ആവശ്യകതകളും കൂടി മുൻകൂട്ടി കണ്ടുള്ളതാണ‌് പദ്ധതി. കിഫ്ബി മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി ഇൻകലിനെയാണ‌് പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (എസ‌്പിവി) നിയോഗിച്ചിരിക്കുന്നത്. 
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രീചിത്രക്ക് സമീപംമുതൽ ഡിഎംഇ ഓഫീസിന് പിൻവശത്തുള്ള മെൻസ് ഹോസ്റ്റലിനും പിഎംആർ ബ്ലോക്കിനും ഇടയിലൂടെ കുമാരപുരം റോഡിൽ വന്നിറങ്ങുന്ന എലിവേറ്റഡ് റോഡ് കോറിഡോർ ആണ് ആദ്യഘട്ടത്തിന്റെ ആകർഷക ഘടകം. രണ്ടാം ഘട്ടത്തിൽ മുഖ്യമായും മൂന്ന് പുതിയ പ്രധാന കെട്ടിടങ്ങളുടെ നിർമാണമാണ്. ഇതിനായി 273 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട‌് സമർപ്പിച്ചിട്ടുണ്ട‌്. 
 
ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് കം സർജിക്കൽ വാർഡ‌് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിനും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും സമീപത്തായി ഏഴുനിലകളിൽ 1.8 ലക്ഷം ചതുരശ്രയടിയിലാണ‌് കെട്ടിടങ്ങൾ തയ്യാറാകുന്നത്. രണ്ട് നിലകളിലായി 16 മോഡുലർ ഓപ്പറേഷൻ തിയറ്ററുകളും അനുബന്ധ ഐസിയുകളും സെൻട്രൽ സ്റ്റെറിലൈസേഷൻ വകുപ്പ‌്, ആധുനിക റെട്ടിക്കുലേറ്റഡ് മെഡിക്കൽ ഗ്യാസ് സൗകര്യം, അത്യാധുനിക ആശുപത്രി ഉപകരണങ്ങളും ഹോസ്പിറ്റൽ ഫർണിച്ചറും, നിലവിലുള്ള സമീപ ബ്ലോക്കുകളിലേക്ക് കണക്ടിങ‌് കോറിഡോറുകൾ ‌എന്നിവയും നവീകരിക്കുന്ന മെഡിക്കൽ കോളേജിൽ പുതുതായി വരും. എസ‌്എടി പീഡിയാട്രിക‌് വിഭാഗത്തിന‌് സിഡിസിക്ക് പുറകിലും മദർ ആൻഡ‌് ചൈൽഡ് ബ്ലോക്കിന് സമീപത്തുമായി 11 നിലയോടുകൂടിയ 3.4 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ‌് വിഭാവനം ചെയ്തിരിക്കുന്നത‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top