21 March Thursday
സിഇടി വിദ്യാർഥിനി സമരം വിജയം

ലാബും ലൈബ്രറിയും രാത്രിയിലും സ്വന്തം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

സമരം വിജയിച്ച സന്തോഷത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന വിദ്യാർഥിനികൾ

തിരുവനന്തപുരം 
കോളേജ‌് ലാബും ലൈബ്രറിയും ആൺകുട്ടികളെ പോലെ രാത്രിയിലും ഉപയോഗിക്കാനുള്ള അവകാശം പോരാട്ടത്തിലൂടെ സ്വന്തമാക്കി ശ്രീകാര്യം ഗവ. എൻജിനീയറിങ‌് കോളേജിലെ വിദ്യാർഥിനികൾ. മൂന്നുദിവസമായി വിദ്യാർഥിനികൾ നടത്തിയ സമരം വിജയം.
വൈകിട്ട‌് 6.30നുള്ളിൽ കോളേജ‌് ഹോസ‌്റ്റലിൽ തിരികെ കയറണമെന്ന പ്രിൻസിപ്പൽ ജിജി  വി വിയുടെ ഉത്തരവ‌് പിൻവലിച്ചു. പകരം ഹോസ‌്റ്റലിൽ തിരികെ കയറാനുള്ള സമയം രാത്രി 9.30വരെ നീട്ടിയും രാത്രി ഒമ്പത‌ുവരെ ലൈബ്രറിയും ലാബും ഉപയോഗിക്കാനും അനുവദിച്ച‌് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. 
 
ഹോസ‌്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികൾ വൈകിട്ട‌് ആറരക്കുള്ളിൽ തിരികെ കയറിയിരിക്കണമെന്ന ഉത്തരവിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥിനികളുടെ സമരം. രാത്രി  ഒമ്പത‌ുവരെ പ്രവർത്തിക്കുന്ന കോളേജിന്റെ കംപ്യൂട്ടർ ലാബും ലൈബ്രറിയും പ്രിൻസിപ്പലിന്റെ ഉത്തരവ‌് കാരണം ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്ക‌് പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേസമയം ആറരയ‌്ക്കുള്ളിൽ പ്രവേശിക്കണമെന്ന ഉത്തരവ‌് ആൺകുട്ടികൾക്ക‌് ബാധകമായിരുന്നില്ല. 
ആൺകുട്ടികൾക്ക‌് അവരുടെ ഹോസ‌്റ്റലിൽ തിരികെ കയറാൻ  9.30 വരെ സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ‌് ലാബും ലൈബ്രറിയും രാത്രി ഒമ്പത‌ുവരെ ഉപയോഗിക്കാൻ കഴിയാത്തതിലും പ്രിൻസിപ്പൽ ഉത്തരവ‌് ലിംഗ സമത്വം നിഷേധിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി ഹോസ‌്റ്റൽ അന്തേവാസികളായ വിദ്യാർഥിനികൾ 18ന‌്  സമരം ആരംഭിച്ചത‌്. എസ‌്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തെ പിന്തുണച്ചു. 
 
സമരത്തിന്റെ നാലാം ദിനമായ ബുധനാഴ‌്ച രാവിലെ പ്രിൻസിപ്പൽ വിദ്യാർഥികളുമായി ചർച്ച നടത്തി. ചർച്ചയിൽ നിഷേധാത്മക സമീപനമാണ‌് പ്രിൻസിപ്പൽ സ്വീകരിച്ചത‌്. ഒടുവിൽ പിടിഎ കമ്മിറ്റി ചേർന്ന‌് തീരുമാനമെടുക്കാമെന്നായി പ്രിൻസിപ്പൽ നിലപാട‌്. ഇതോടെ ചർച്ച അലസി. തുടർന്ന‌് സമരം ക്യാമ്പസ‌് മൊത്തം വ്യാപിപ്പിച്ചു. പഠിപ്പ‌് മുടക്കി. മുഖ്യമന്ത്രിയുടെ ഓഫീസ‌് ഇടപെടലിനെ തുടർന്ന‌് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ചുമതല വഹിച്ചിരുന്ന ഡോ. ഉഷാ ടൈറ്റസ് പ്രിൻസിപ്പലുമായി ചർച്ച നടത്തി. 
തുടർന്ന‌് ഹോസ‌്റ്റൽ പ്രവേശനസമയം ദീർഘിപ്പിച്ച‌് ഉന്നതവിദ്യാഭ്യാസ പ്രിസിപ്പൽ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. വിദ്യാർഥിനികൾ ക്യാമ്പസിൽ ആഹ്ലാദപ്രകടനം നടത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top