27 September Sunday

പ്ലാസ്റ്റിക് സംഭരണകേന്ദ്രങ്ങള്‍ നിര്‍ബന്ധമാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
തിരുവനന്തപുരം 
തദ്ദേശസ്ഥാപനങ്ങളിൽ ഫലപ്രദമായ പ്ലാസ്റ്റിക് സംഭരണകേന്ദ്രങ്ങളും ജൈവമാലിന്യ പ്ലാന്റുകളും നിർബന്ധിതമാക്കണമെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ നിർദേശം. ഇതിനായി താഴേത്തട്ടുമുതൽ നിർദേശങ്ങൾ നൽകണം. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേർന്ന്‌ കനകക്കുന്നിലെ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020-ന്റെ ഭാഗമായി നടന്ന ഹരിതസഹായ സ്ഥാപനങ്ങളുടെ വട്ടമേശ ചർച്ചയാണ്‌ ശ്രദ്ധേയമായത്‌. 
 
മാലിന്യനിർമാർജനത്തിൽ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാനുണ്ട്‌. അജൈവ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പം തുടർപ്രവർത്തനങ്ങളുടെ നിരീക്ഷണ സംവിധാനവും വേണം. മാലിന്യനിർമാർജനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ബോധവൽക്കരണം ഊർജിതമാക്കണം. യൂസർ ഫീസ് ഏകീകൃതമാകണം. 
 
തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഹരിത സഹായ സ്ഥാപനങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടണം. ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) ബിജോയ് കെ വർഗീസ് ചർച്ച നയിച്ചു. ഇരുപത്തഞ്ചോളം സ്ഥാപന പ്രതിനിധികൾ പങ്കെടുത്തു.
 

പുനരുപയോഗത്തിന്റെ പുതുവഴികൾ തേടി ചർച്ച 

 

കേരളത്തിലെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ രീതി മികച്ചതാണെന്ന്‌ വിദഗ്‌ധർ. ഇവിടെ കൂടുതൽ മാലിന്യസംസ്‌കരണ സംഭരണകേന്ദ്രങ്ങൾ ആവശ്യമാണ്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സംരംഭകർ മാലിന്യ പുനരുപയോഗ സാധ്യതകൾ വിശദീകരിച്ചു. മാലിന്യത്തെ പുതിയ ഉൽപ്പന്നങ്ങൾക്കുള്ള അസംസ്‌കൃത പദാർഥങ്ങളായി കാണണം. ഇവ പൂർണമായും പുനഃചംക്രമണത്തിന് വിധേയമാക്കാം.
 
കേരളത്തിൽ നടക്കുന്ന മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളെ ഐക്യരാഷ്ട്രസഭാ വികസന പരിപാടി പ്രതിനിധികൾ അഭിനന്ദിച്ചു. മാലിന്യശേഖരണത്തിന് സർക്കാർ, സർക്കാരിതര സംഘടനകളുടെ ഏകോപനം സുഗമമാക്കണമെന്ന ആവശ്യവും ഉയർന്നു. 
കോഴിമാലിന്യത്തിൽനിന്ന് പ്രോട്ടീൻ പൗഡർ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, മുടിയിൽനിന്ന് അമിനോ ആസിഡ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള മാതൃകകൾ വിവിധ സംരംഭകർ പങ്കുവച്ചു. സിമന്റ് നിർമാണത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ സാധ്യതകളും ചർച്ചയായി. പ്രൊഫ. പി കെ രവീന്ദ്രൻ ചർച്ച നയിച്ചു.
 
പുനരുപയോഗ സംരംഭകർ, ശാസ്ത്രീയ വിദഗ്‌ധർ, യുഎൻഡിപി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top