22 February Saturday

ചാക്ക മേൽപ്പാലം 10 ദിവസത്തിനകം തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
തിരുവനന്തപുരം  
നിർമാണം പൂർത്തിയായ ചാക്ക മേൽപ്പാലം 10 ദിവസത്തിനകം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
 
മേൽപ്പാലത്തിലെ തെരുവുവിളക്കുകൾക്കുള്ള വൈദ്യുതി കണക്‌ഷൻ കെഎസ്‌ഇബി കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ പാലത്തിൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കും. മുക്കോലവരെയുള്ള ഭാഗവും ഉടൻ തുറക്കാനാകുമെന്ന്‌ ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അവസാന മിനുക്കുപണികൂടി പൂർത്തിയായി പാലം തുറക്കുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് വിരാമമാകും. 360 കോടി രൂപ ചെലവിട്ടാണ്‌ ചാക്ക മേൽപ്പാലം നിർമിച്ചത്‌. 1050 മീറ്ററാണ് നീളം. 25 മീറ്റർ നീളമുള്ള 42 സ്പാനുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്. ചാക്ക റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ആരംഭിക്കുന്ന പാലം ഈഞ്ചയ്ക്കൽ ജങ്ഷന് സമീപം അവസാനിക്കും. 
 
റെയിൽവേ മേൽപ്പാലത്തിനു മുകളിൽ രണ്ടു വരിയാണ് പുതിയ മേൽപ്പാലം. ചാക്ക ജങ്ഷന് മുകളിൽ ഇത് നാലുവരിയാകും. നിലവിലെ മേൽപ്പാലത്തിലൂടെയുള്ള രണ്ടു വരിയും ഇവിടെ വച്ച് പുതിയ മേൽപ്പാലത്തിലേക്ക് കയറും. പഴയ മേൽപ്പാലത്തിൽനിന്ന് ചാക്ക ജങ്ഷനിലേക്ക് പോകാനുള്ള റോഡും ഇതിനോടൊപ്പം നിർമിച്ചിട്ടുണ്ട്. 
 
ഇരുഭാഗത്തും സർവീസ്‌ റോഡുകളുമുണ്ട്. സർവീസ് റോഡുകളുടെ പണിയും അവസാനഘട്ടത്തിലാണ്‌. തൂണുകളുടെ പണികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെ ടാറിങ്ങും പൂർത്തിയായി. 
പാലം ദേശീയപാത 66 ബൈപാസിനെ സിറ്റി റോഡുമായും എയർപോർട്ടിനെയും ശംഖുംമുഖത്തെയും ബന്ധിപ്പിക്കും.
പ്രധാന വാർത്തകൾ
 Top