30 November Monday
സ്‌മാർട്ട്‌ തലസ്ഥാനം

രാജാജി നഗറിന്റെ മുഖം മാറും; ഉയരും ഫ്ലാറ്റുകൾ

സ്വന്തം ലേഖികUpdated: Wednesday Oct 21, 2020

രാജാജിനഗർ ഭവനപദ്ധതിയുടെ നിർമാണം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ തുടങ്ങിയവർ സമീപം

 
തിരുവനന്തപുരം
രാജാജി നഗറിന്റെ മുഖമുദ്ര മാറ്റുന്ന ഹൗസിങ്‌ കോംപ്ലക്സ്‌ കോളനിയിലുള്ളവർക്കുവേണ്ടി മാത്രമായിരിക്കുമെന്ന്‌ മന്ത്രി എ സി മൊയ്‌തീൻ. തിരുവനന്തപുരം നഗരസഭയും സ്മാർട്ട്‌ സിറ്റി തിരുവനന്തപുരം ലിമിറ്റഡും (എസ്‌സിടിഎൽ) സംയുക്തമായി നിർമിക്കുന്ന ഇന്റഗ്രേറ്റഡ്‌ ഹൗസിങ്‌ കോംപ്ലക്സ്‌ പ്രവൃത്തിയുടെ ഉദ്‌ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിർമിക്കുന്ന 248 ഫ്ലാറ്റും രാജാജി നഗറിലെ കുടുംബങ്ങൾക്കുതന്നെ നൽകുമെന്നും പുറത്തുനിന്നുള്ളവർക്ക്‌ ഫ്ലാറ്റ്‌ നൽകുമെന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾക്കു പുറകെയല്ല, വികസനത്തിനു പുറകെ പോകാനാണ്‌ സർക്കാരിന്റെ ശ്രമം. വിവാദങ്ങളിൽപെടുത്തി പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തെ ഇല്ലാതാക്കുന്ന ശ്രമമാണ്‌ പല കേന്ദ്രത്തിൽനിന്നും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.  
അറുപത്തൊന്നു കോടി ചെലവിട്ട്‌ എട്ട്‌ ഹൗസിങ്‌ ബ്ലോക്കാണ്‌ നിർമിക്കുന്നത്‌. മൂന്ന്‌ നിലയുള്ള കെട്ടിടങ്ങളിലെല്ലാംകൂടി 248 ഫ്ലാറ്റ്‌ ഉണ്ടാകും. ആദ്യഘട്ടത്തിൽ 180 കുടുംബത്തെ മാറ്റിപ്പാർപ്പിക്കും. ഇങ്ങനെ പുനരധിവസിപ്പിക്കുന്ന ഗുണഭോക്താക്കൾക്ക്‌ മാസംതോറും 2500 രൂപയും എസ്‌സിടിഎൽ നൽകും. ഓരോ ഫ്ലാറ്റിനും 586 സ്ക്വയർ ഫീറ്റ്‌ വിസ്‌തൃതിയുണ്ടാകും. ഇതിനൊപ്പം ഓരോ ബ്ലോക്കിലും ഗ്രീൻ സ്‌പെയ്‌സ്‌, കമ്യൂണിറ്റി ഹാളുകൾ, കളിസ്ഥലം, പാർക്കിങ്‌ സ്ഥലം, മാലിന്യസംസ്കരണത്തിനുള്ള സ്ഥലം, തെരുവുവിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. 2022നുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. മേയർ കെ ശ്രീകുമാർ, വി എസ്‌ ശിവകുമാർ എംഎൽഎ, സ്മാർട്ട്‌ സിറ്റി സിഇഒ പി ബാലകിരൺ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പബ്ലിക്‌ വർക്‌സ്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്‌പലത, ടൗൺ പ്ലാനിങ്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പാളയം രാജൻ, കൗൺസിലർ എം വി ജയലക്ഷ്‌മി, പിഎംസി–- ഐപിഇ ഗ്ലോബൽ ടീം ലീഡർ ജമാൽ റഷീദ്‌, സമാർട്ട്‌ സിറ്റി ജിഎം ഡോ. അനൂപ്‌ ഗോപികൃഷ്‌ണ എന്നിവരും പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top