29 November Tuesday

മകളുടെ മുന്നിലിട്ട് അച്ഛനെ
കെഎസ്‌ആർടിസി ജീവനക്കാർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

കാട്ടാക്കട ആശുപത്രിയിൽ പ്രേമനനിൽനിന്ന് പൊലീസ് മൊഴിയെടുക്കുന്നു

കാട്ടാക്കട 
കാട്ടാക്കട കെഎസ്ആർടിസിയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകളുടെ മുന്നിലിട്ട് മർദിച്ചു. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ ചൊവ്വ രാവിലെ ആമച്ചൽ സ്വദേശി പ്രേമനനെയാണ്‌ മർദിച്ചത്‌. സംഭവത്തിൽ നാല്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു.  
 
മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ പകൽ പതിനൊന്നരയോടെയാണ്‌  പൂവച്ചൽ പഞ്ചായത്ത് ക്ലർക്ക് കൂടിയായ ആമച്ചൽ ഗ്രീഷ്മത്തിൽ പ്രേമന(53)നും മകൾ മലയിൻകീഴ് ഗവ. കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി രേഷ്മയും ഡിപ്പോയിൽ എത്തിയത്‌. കൺസഷൻ നൽകണമെങ്കിൽ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാർ വ്യക്തമാക്കി. 
 
കോഴ്സ് സർട്ടിഫിക്കറ്റ് നേരത്തെ നൽകിയിട്ടുണ്ടെന്ന് പ്രേമനൻ പറഞ്ഞു. കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കാതെ കൺസഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. "ആളുകളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് കെഎസ്ആർടിസി നന്നാവാത്തത്' എന്ന് പ്രേമനൻ പറഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഡിപ്പോയിലെ വിശ്രമമുറിയിലേക്ക് വലിച്ചുകയറ്റി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്കും മർദനമേറ്റു.
തുടർന്ന് ഇരുവരും കാട്ടാക്കട ഗവ. ആശുപത്രിയിൽ ചികിത്സതേടി. പരീക്ഷ ആയതിനാൽ മകൾ പിന്നീട്‌ കോളേജിലേക്ക്‌ പോയി. 
 
സംഭവത്തിൽ കാട്ടാക്കട പൊലീസ് മൊഴി രേഖപ്പെടുത്തി. പ്രേമനന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിപ്പോ ജീവനക്കാരായ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. 
 
പ്രേമനനെ ഐ ബി സതീഷ് എംഎൽഎ ആശുപത്രിയിൽ സന്ദർശിച്ചു. 
 
അതേസമയം മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതല്ല വസ്‌തുതകളെന്നും കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നറിയിച്ചപ്പോൾ പ്രേമനൻ ക്ഷുഭിതനാകുകയും വനിതാ ജീവനക്കാരെ അടക്കം തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന്‌ ജീവനക്കാർ പറഞ്ഞു.  ഇത്‌ സുരക്ഷാ ജീവനക്കാർ എത്തി തടയുകയും പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചപ്പോൾ കുതറിമാറുകയാണുണ്ടായതെന്നും മർദനം ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
 

നാല് ജീവനക്കാർക്ക് സസ്‌പെൻഷൻ

 
കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ മകളുടെ മു‌മ്പിൽ വച്ച് അച്ഛനെ മർദിച്ച സംഭവത്തിൽ നാല്‌ ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top