15 October Tuesday
മെഡിക്കൽ കോളേജ് ആശുപത്രി

സ്കാനിങ്‌ യൂണിറ്റിൽനിന്ന്‌ ഐഎൻടിയുസി നേതാവ്‌ ലക്ഷങ്ങൾ വെട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെഎച്ച്ആർഡബ്ല്യുഎസിനു കീഴിലുള്ള അൾട്രാസൗണ്ട്‌ സ്കാനിങ്‌ യൂണിറ്റിൽ ഐഎൻടിയുസി സംസ്ഥാന നേതാവിന്റെ ലക്ഷങ്ങളുടെ അഴിമതി. യൂണിറ്റിലെ ബൈന്ററും നിലവിൽ കാഷ്യറുമായ കെഎച്ച്ആർഡബ്ല്യുഎസ് എംപ്ലോയീസ് വെൽഫെയർ യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറി മണ്ണറ രാജനാണ്‌ വൻതുകയുടെ തിരിമറി നടത്തിത്‌.
അധികൃതർ നടഷത്തിയ വിശദ പരിശോധനയിലാണ്‌ കള്ളി വെളിച്ചത്തായത്‌. ദിവസേനയുള്ള കളക്‌ഷൻ തുക ബാങ്കിലടയ്‌ക്കാതെയാണ്‌ തിരിമറി നടത്തിയത്‌. ഫെബ്രുവരിയിൽ റീജ്യണൽ മാനേജരിൽനിന്നും 20 റസീപ്റ്റ് ബുക്ക് കൈപ്പറ്റുകയും കളക്‌ഷൻ തുക ബാങ്കിൽ അടച്ചിരുന്നില്ലെന്നും പരാതിയിൽ കണ്ടെത്തി. ഇതിനു പുറമെ രോഗികളിൽനിന്നും ഇയാൾ അധികം തുക വാങ്ങിയിരുന്നതായും പരാതിയുണ്ട്.
വെരിക്കോസ് വെയിൻ ഡോപ്ലർ ടെസ്റ്റ് രണ്ടു കാലിലും നടത്തുന്നതിന്‌ 1200 രൂപയാണ്. ഒരു കാലിലെ ടെസ്റ്റിന്‌ 600 രൂപയും. ഒരു കാലിൽ ടെസ്റ്റ്‌ ചെയ്യാൻ എത്തുന്നവരിൽനിന്നും 1200 രൂപ വാങ്ങി  600 രൂപയുടെ രസീത്‌ നൽകും.
ഒ പി ചീട്ടിൽ 1200 രൂപ എന്നെഴുതി സ്കാനിങ്ങിനും വിടും. ഡ്യൂട്ടി ഡോക്ടർ അതുനോക്കി രണ്ടു കാലിലും ടെസ്റ്റ് നടത്തും. ഈ തട്ടിപ്പ് മനസ്സിലാക്കി തിരികെ വന്ന് 600 രൂപ ചോദിച്ചു വാങ്ങുന്നവർ വിരളമാണ്.
ചുരുക്കത്തിൽ ഒരേസമയം രോഗികളിൽനിന്നും സ്ഥാപനത്തിൽനിന്നും തട്ടിപ്പുനടത്തി മാസംതോറും ലക്ഷങ്ങളാണ് ഇയാൾ പോക്കറ്റിലാക്കുന്നത്‌. തട്ടിപ്പിന് സഹായിയായി ഒരു ഐഎൻടിയുസി പ്രാദേശിക നേതാവിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്തേ അറ്റൻഡറായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇയാൾ നടത്തിയ ആഴിമതി എത്രയാണെന്ന്‌ കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന്‌ കെഎച്ച്ആർഡബ്ല്യുഎസ് റീജ്യണൽ മാനേജർ അറിയിച്ചു. മാനേജിങ്‌ ഡയറക്ടർ ജി അശോക് ലാലിന്റെ നിർദേശപ്രകാരം മാർച്ച് മുതലുള്ള റിപ്പോർട്ട് തയ്യാറാക്കിനൽകുമെന്നും അദ്ദേഹം പറഞ്ഞു.
സമാനരീതിയിൽ തൈക്കാട് എസിആർ ലാബിലും തട്ടിപ്പ് നടന്നതായി കണ്ടെത്തി. അറ്റൻഡറായി വർക്കിങ്‌ അറേഞ്ച്‌മെന്റിൽ ജോലിചെയ്യുന്ന ഐഎൻടിയുസി നേതാവാണ് കളക്‌ഷൻ തുക ബാങ്കിൽ ഒടുക്കാതെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് അധികൃതർ കത്തു നൽകിയതായാണ് വിവരം. മണ്ണറ രാജൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്‌ മുമ്പും ശിക്ഷാ  നടപടിക്ക്‌ വിധേയനായിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top