30 May Saturday
കവിതാ പ്രകാശനം 22ന്

ഇതാ വീൽചെയറിൽ വിരിഞ്ഞ കവിതകൾ

എം ഒ ഷിബുUpdated: Saturday Sep 21, 2019
ചിറയിൻകീഴ്
ശരീരത്തിന്റെ തളർച്ചയെ അവഗണിക്കാൻ മനസ്സിന് സാധിക്കും. മനസ്സ് തളരാതിരിക്കാൻ  മുഖത്തൊരു പുഞ്ചിരി മതിയെന്ന്‌  തെളിയിക്കുകയാണ് കടയ്ക്കാവൂർ ആലംകോട് സ്വദേശിനി നജിമ നിസാമുദ്ദീൻ. അംഗവൈകല്യംമൂലം വീൽചെയറിൽ ഇരുന്നുപോയിട്ടും എഴുത്തിന്റെ ലോകത്ത്‌ തളരാതെ മുന്നേറുകയാണ്‌ ഈ മുപ്പത്തിമൂന്നുകാരി. അതുകൊണ്ട്‌ നജിമയെ ഡിസേബിൾഡ് എന്ന് ആരും വിളിക്കാറില്ല അല്ല ‘ഡിഫറെന്റിലി ഏബിൾഡ്' എന്നുമാത്രം. ജീവിതാനുഭവമാണ്‌ നജിമയെ കവയിത്രിയാക്കിയത്‌. മാതാപിതാക്കളുടെ തണലിൽനിന്ന് ലോകത്തിന്റെ തെളിമ കണ്ട നജിമ തന്റെ കവിതാ സമാഹാരത്തിന്‌ ‘നക്ഷത്രങ്ങളുടെ താഴ്‌വരയിൽ' എന്ന പേരും നൽകി.
പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽവച്ച് ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിക്കും.
1986 ജൂലൈ 26ന് ആലംകോട് പെരുംകുളം എന്ന സ്ഥലത്ത് ജനിച്ച നജിമ നിസാമുദ്ദീൻ–-- സുദീറ ദമ്പതികളുടെ മൂന്ന്‌ പെൺമക്കളിൽ മൂത്തയാളാണ്‌. കടയ്ക്കാവൂർ എസ്എസ്‌പിഎച്ച്എസിൽ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ ‘മാർഭവൻ സിൻഡ്രം' എന്ന അപൂർവരോഗം പിടിപെട്ടു. നാലു വർഷം കിടപ്പായി. പഠനവും മുടങ്ങി. നജിമ മാതാപിതാക്കളുടെ സഹായത്തോടെ വാക്കിങ് സ്റ്റിക്കിൽ നടന്നുതുടങ്ങി. സാക്ഷരതാ മിഷന്റെ കീഴിൽ പത്താംക്ലാസ്‌ പരീക്ഷ എഴുതി, നല്ല മാർക്കോടുകൂടി വിജയിച്ചു. ഉപരിപഠനത്തിന് തയ്യാറായെങ്കിലും ഇടയ്ക്കിടയ്ക്ക് രോഗം ബുദ്ധിമുട്ടിലാക്കി.
പഠനത്തിനപ്പുറം നല്ല ജീവിതപാഠം സ്വായത്തമാക്കിയ നജിമയ്‌ക്ക് ക്വാളിഫിക്കേഷൻ ഒരു പ്രശ്‌നമല്ലെന്ന തിരിച്ചറിവിലെത്തി. അങ്ങനെയാണ്‌ അക്ഷരങ്ങളുടെ ചേല്‌ തെറ്റാതെ കവിത എഴുതാൻ തുടങ്ങിയത്‌.
 എഴുത്തുകാരി എന്നതിലുപരി നജിമ ഒരു സാമൂഹ്യപ്രവർത്തകയുമാണ്‌. പ്രളയസമയത്ത്‌ കുട്ടനാട്ടിലെ പ്രളയബാധിതരായ കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്താനും നജിമ മുന്നിട്ടിറങ്ങി. 
കൂടാതെ ഭിന്നശേഷിക്കാർക്കായി വെട്ടൂർ ചലഞ്ചേഴ്‌സ് ഭിന്നശേഷി കൂട്ടായ്മയുടെ സജീവമായ പ്രവർത്തനങ്ങളിൽ നജിമയും ഒരംഗമാണ്. സ്വന്തം വേദനകൾക്കിടയിലും സന്തോഷം കണ്ടെത്താനും മറ്റുള്ളവരുടെ വേദനയിൽ ആശ്വാസവുമായി എത്താനും നിവർന്നുനിൽക്കാനും കാലുകളല്ല ആരോഗ്യമുള്ള മനസ്സ് മതിയെന്ന് നജിമ തെളിയിക്കുകയാണ്‌.
 
പ്രധാന വാർത്തകൾ
 Top