21 September Saturday

മൃഗശാലയിൽ ഇനി ‘മാലാഖ’യില്ല; എയ്‌ഞ്ചല വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മൃഗശാലയിൽ ചത്ത എയ്‌ഞ്ചെല അനക്കോണ്ടയെ പോസ്റ്റ്‌ മോർട്ടം ചെയ്യുന്നു

തിരുവനന്തപുരം
രേണുകയെ ഞെരിച്ചുകൊന്ന എയ്‌ഞ്ചലയും അവസാനം മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച പുലർച്ചെയാണ്‌ മൃഗശാലയിലെ ഏറ്റവും ഭാരം കൂടിയ അനാക്കോണ്ടയായ എയ്‌ഞ്ചല യാത്രയായത്‌. വൻകുടലിലെ കാൻസർ ബാധയാണ്‌ മരണകാരണമെന്ന്‌ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ പാമ്പിൻകൂട്ടിലെത്തിയ കീപ്പർ അർഷാദാണ്‌ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന എയ്‌ഞ്ചലയെ കണ്ടെത്തിയത്‌. എയ്‌ഞ്ചലയുമായി കെട്ടിപ്പിണഞ്ഞ്‌ കളിക്കുന്നതിനിടെ കൂട്ടത്തിലെ ‘കുഞ്ഞി’ രേണുക ശ്വാസംമുട്ടി നേരത്തെ ചത്തിരുന്നു. ഇതിനുശേഷം പാമ്പിൻകൂട്ടിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന്‌ എയ്‌ഞ്ചല പുലർച്ചെ മൂന്നോടെ വെള്ളത്തിൽനിന്ന്‌ കരയിൽകിടന്നതായി കണ്ടെത്തി. 
പാലോട്‌ സെന്റർ ഫോർ വൈൽഡ്‌ ലൈഫ്‌ സ്‌റ്റഡീസിൽ പോസ്‌റ്റ്‌മോർട്ടം ചെയ്തു. വൻകുടലിൽ കാൻസർ എന്ന്‌ തോന്നുന്ന മുഴയുണ്ടായിരുന്നു. രേണുകയുമായുള്ള മൽപ്പിടുത്തത്തിൽ മുഴയിൽനിന്ന്‌ രക്തസ്രാവമുണ്ടായിരുന്നു. 
 
ഇതേത്തുടർന്നുള്ള അണുബാധയാണ്‌ മരണകാരണമെന്ന്‌ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടുതൽ വ്യക്തതയ്ക്കായി സാമ്പിളുകൾ പഠിക്കുകയാണെന്ന്‌ മ്യൂസിയം ഡോക്ടർ അലക്സാണ്ടർ ജേക്കബ്‌ പറഞ്ഞു. ഒമ്പതുവയസ്സുകാരിയായ എയ്‌ഞ്ചലയ്ക്ക്‌ 3.6 മീറ്റർ നീളവും 50 കിലോ തൂക്കവുമുണ്ടായിരുന്നു. 
 
എയ്‌ഞ്ചലയെ സ്‌റ്റഫ്‌ ചെയ്ത്‌ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. 2014ൽ ശ്രീലങ്കയിൽനിന്ന്‌ കൊണ്ടുവന്ന ഏഴ്‌ അനാക്കോണ്ടകളിൽ അഞ്ചെണ്ണം മാത്രമാണ്‌ അവശേഷിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top