22 September Sunday
കിഫ്‌ബി അംഗീകാരമായി

വരുന്നു 325 കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
തിരുവനന്തപുരം 
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട  325 കോടിയുടെ പദ്ധതികൾക്ക്‌ കിഫ്‌ബി അംഗീകാരം. ജില്ലയുടെ വികസനകുതിപ്പിന്‌ വഴിത്തിരിവാകുന്ന ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ  ഗതാഗത മേഖലയിൽ വൻമാറ്റം സാധ്യമാകും. 
 
വട്ടിയൂർകാവ്‌ ജങ്‌ഷൻ വികസനത്തിന്‌ 95 കോടി
വെള്ളൈക്കടവ്‌, അരുവിക്കര, പേരൂർക്കട, ഇലിപ്പോട്‌, മരുതംകുഴി എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച്‌ റോഡ്‌ ചേർന്ന ജങ്‌ഷനാണ്‌ വട്ടിയൂർകാവ്‌. കടുത്ത ഗതാഗതക്കുരുക്ക്‌ കാരണം വാഹനങ്ങൾ പതിവായി കുടുങ്ങിക്കിടക്കുന്ന ജങ്‌ഷന്റെ പതിറ്റാണ്ടുകളായുള്ള വികസന മോഹമാണ്‌ യാഥാർഥ്യമാകുന്നത്‌.
 
ശാസ്തമംഗലം, -മണ്ണറക്കോണം, മണ്ണറക്കോണം -പേരൂർക്കട, മണ്ണറക്കോണം-വഴയില, മണ്ണറക്കോണം- തോപ്പുമുക്ക് ജങ്‌ഷൻ വട്ടിയൂർക്കാവ് എന്നീ റോഡുകളിലായി 10.983 കിലോമീറ്ററാണ്‌ വികസിപ്പിക്കുക.  219.74 കോടി രൂപയ്ക്കുള്ള എസ്റ്റിമേറ്റിൽ 26 ഏക്കർ  ഏറ്റെടുക്കേണ്ടതുണ്ട്‌. ഇതിനാണ്‌ 95 കോടി അനുവദിച്ചത്‌. നിലവിൽ 12 മീറ്റർ വീതിയുള്ള വട്ടിയൂർക്കാവ് ജങ്‌ഷനിലെ റോഡ് 21 മീറ്റർ വീതിയിലാകും. സംരക്ഷണ ഭിത്തി, റോഡ് സേഫ്റ്റി, ബസ് ബേ, കലുങ്കുകൾ, പാലങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വെഞ്ഞാറമൂട്ടിൽ മേൽപ്പാലത്തിന്‌ 25.30 കോടി 
വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പദ്ധതി.  30 മീറ്റർ ഉയരമുള്ള 9 സ്പാനും 6 മീറ്റർ ഉയരമുള്ള 10 സ്പാനും ഈ മേൽപ്പാലത്തിനുണ്ടാകും. 337 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമാണുള്ളത്. തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച് റോഡും ഉണ്ട്‌.  ഇരുവശത്തേയ്ക്കും സർവീസ് റോഡും ഉണ്ടാകും. കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കേണ്ടതില്ല.
 
പൂന്തുറ, വലിയതുറ തീരസംരക്ഷണത്തിന്‌ 
17.80 കോടി 
കടലാക്രമണം തടഞ്ഞ്‌ തീര ജനതയുടെ കിടപ്പാടം സംരക്ഷിക്കാനുള്ള ഈ പദ്ധതി വലിയ ആശ്വാസമാകും.   കടലിലേക്ക്‌ 20 മീറ്റർ അകലെ തീരത്തിനു സമാന്തരമായി മണൽ നിറച്ച ജിയോ ട്യൂബുകൾ ഭിത്തിപോലെ സ്ഥാപിച്ചാണ്‌ കടലാക്രമണം തടയുന്ന പദ്ധതി നടപ്പാക്കുന്നത്‌. മത്സ്യബന്ധനത്തിന്‌ തടസ്സമുണ്ടാകാതെയുള്ള പദ്ധതി കടലാക്രമണത്തിന്‌ ശാശ്വത പരിഹാരമാകും.
 
വഴയില–- പഴകുറ്റി–- കച്ചേരിനട നാലുവരി പാതയാകും
തിരുവനന്തപുരത്തുനിന്ന്‌ നെടുമങ്ങാട്‌ നഗരത്തിലേക്കുള്ള ഗതാഗതത്തിന്‌ ഹൈടെക്‌ വേഗം നൽകുന്ന പദ്ധതിക്ക്‌ 89.19 കോടി രൂപയാണ്‌ അനുവദിച്ചത്‌. നാലുവരി പാത യാഥാർഥ്യമാകുന്നതോടെ തമിഴ്‌നാട്ടിൽനിന്ന്‌ കേരളത്തിലേക്കുള്ള ഗതാഗതവും സുഗമമാകും. റോഡിലെ കുരുക്കുകാരണമാണ്‌  ഇതിലൂടെ അന്തർസംസ്ഥാന യാത്ര ഇപ്പോൾ കാര്യമായി നടക്കാത്തത്‌. ഇതുമാറിയാൽ ചെങ്കോട്ടവഴി കേരളത്തിലെത്താൻ എളുപ്പമാണ്‌.  നെടുമങ്ങാടിന്റെയും മുഖച്ഛായ മാറും. 
 
നെയ്യാർ ഡാം–- കാട്ടാക്കട റോഡിന്‌ 58. 95 കോടി  
നെയ്യാർ ഡാമിൽ ആരംഭിച്ച് കാട്ടാക്കടയിൽ അവസാനിക്കുന്ന 8.5 കിലോമീറ്റർ  റോഡ്‌ വികസനത്തിന്‌ 58. 95 കോടി അനുവദിച്ചു. 13.6 മീറ്റർ വീതിയിലാണ്  നവീകരിക്കുക. അതിൽ 10 മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശത്തും 1.8 മീറ്റർ വീതിയിൽ കാൽനടപ്പാതയും നിർമിക്കും. കലിങ്കുകൾ ഓടകൾ എന്നിവയുടെ നിർമാണം, പാലങ്ങളുടെ നവീകരണം, കള്ളിക്കാട് ജങ്‌ഷൻ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top