18 September Wednesday
മാധ്യമപ്രവർത്തകന്റെ മരണം

വഫ ഫിറോസിന്റെ ഡ്രൈവിങ്‌ ലൈസൻസും മരവിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
തിരുവനന്തപുരം 
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ ഡ്രൈവിങ്‌  ലൈസൻസും മോട്ടോർ വാഹന വകുപ്പ്‌ മരവിപ്പിച്ചു. മൂന്നു മാസത്തേക്കാണ്‌ നടപടി.  അപകടമുണ്ടാക്കിയ ഫോക്‌സ്‌ വാഗൻ കാറിന്റെ ഉടമയാണ്‌ വഫ. കാറോടിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടറാമാണ്‌ ഒന്നാംപ്രതി. ഇദ്ദേഹത്തിന്റെ ലൈസൻസും കഴിഞ്ഞദിവസം സസ്പെൻഡ്‌ ചെയ്‌തിരുന്നു. 
 
  മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിന് വഫ  വിശദീകരണം നൽകിയിരുന്നില്ല. തുടർന്നാണ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.   2018 ഏപ്രിൽ ആറ്, ആഗസ്‌ത്‌ ഒൻപത്, കഴിഞ്ഞ ജൂലായ് 17 തീയതികളിൽ വഫയുടെ വാഹനം വേഗപരിധി ലംഘിച്ചതും വാതിൽ ചില്ലിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതും മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയിരുന്നു.
ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷം നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്‌. തുടർന്ന് ആഗസ്‌ത്‌ അഞ്ചിന് മോട്ടോർ വാഹന വകുപ്പ്  നോട്ടീസുമായി വഫയുടെ താമസ സ്ഥലത്തെത്തി. അവർ സ്ഥലത്തുണ്ടായിരുന്നില്ല. 
 
സാക്ഷികളുടെ സാന്നിധ്യത്തിൽ വീടിന്റെ വാതിലിൽ നോട്ടീസ്‌ പതിപ്പിച്ചു. ഓൺലൈൻ മുഖേന പിഴ അടച്ചെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിന് വിശദീകരണം നൽകിയില്ല. തുടർന്നാണ്‌ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്തത്.അതിനിടെ, വിവാഹ ബന്ധം വേർപെടുത്താൻ താൽപ്പര്യമുണ്ടെന്ന്‌ ഭർത്താവ്‌ ഫിറോസ്‌ വഫയെ അറിയിച്ച കാര്യവും പുറത്തുവന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top