25 April Thursday
രക്ഷാപ്രവർത്തനം

വിജയക്കൊടി പാറിച്ച്‌ കടലിന്റെ മക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കഴക്കൂട്ടം 
നൂറുകണക്കിന് മനുഷ്യജീവനുകളെ രക്ഷപ്പെടുത്തിയ സന്തോഷത്തിൽ  കഠിനംകുളം മര്യനാട്ടുനിന്നും  പോയ കടലിന്റെ മക്കൾ തിരിച്ചെത്തി.  രക്ഷാപ്രവർത്തനത്തിനിടെ ജീവനുവേണ്ടി യാചിച്ചവരുടെയും ഉടുതുണിക്കും ഭക്ഷണത്തിനുംവേണ്ടി അപേക്ഷിച്ചവരുടെയും ദയനീയ അവസ്ഥയാണ് നാട്ടിലെത്തിയിട്ടും മത്സ്യത്തൊഴിലാളികൾക്കു  പറയാനുള്ളത‌്.
   
വെള്ളിയാഴ്ചയാണ് ജില്ലാ ഭരണനേതൃത്വത്തിന്റെ ആവശ്യപ്രകാരം മര്യനാട്ടുനിന്ന‌് ആദ്യം 11 ഫൈബർ എൻജിൻ വള്ളങ്ങളും പിറ്റേന്ന‌് 10 വള്ളങ്ങളും ദുരന്തഭൂമിയായ ചെങ്ങന്നൂരിലെത്തിയത്. ഏകദേശം 125 മത്സ്യത്തൊഴിലാളികളായിരുന്നു ഈ തീരത്തുനിന്ന‌് രക്ഷാപ്രവർത്തനത്തിനുപോയത്. 
 
ഒരു വള്ളത്തിൽ നേവിയുടെ ഓരോ മുങ്ങൽവിദഗ‌്ധനും സ്ഥലം  മനസ്സിലാക്കി രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പംകൂടി.  ആദ്യമൊക്കെ രക്ഷാപ്രവർത്തനം ദുഃസഹമായിരുന്നു. മണിക്കൂറുകൾ വേണ്ടിവന്നു എല്ലാം ശരിയാകാൻ. പിന്നെ അങ്ങോട്ടുള്ള നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി തോന്നിയ സമയങ്ങളായിരുന്നു എന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജോണിയും ജോസും പറയുന്നത്.
 
വീട്ടിനകത്ത് അകപ്പെട്ട് കഴുത്തുവരെ വെള്ളം മുങ്ങിയവർ, ഇരുനില വീടിന്റെ ഏറ്റവും മുകളിൽ മണിക്കുറുകളായി സഹായം അഭ്യർഥിച്ച് നിന്നവർ, വെള്ളവും ആഹാരവും  കിട്ടാതെ  മൂന്ന് ദിവസമായി വീടുകൾക്കുള്ളിൽ ഒറ്റപ്പെട്ടവർ തുടങ്ങിയവരെയാണ‌് ഇവർ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.  
 
രണ്ട് ദിവസമായി വെള്ളക്കെട്ടിൽനിന്ന് തണുത്ത് വിറച്ച് ജീവൻവരെ പോകുമായിരുന്നവർക്കും ഇവർ രക്ഷകരായി.  വഴി ഉദ്ദേശ്യമില്ലാത്തതിനാൽ ചുറ്റുമതിലിലും മരങ്ങളിലും വെള്ളത്തിൽ മുങ്ങിയ വീടുകളിൽപോലും പല ആവൃത്തി ബോട്ടുകൾ ഇടിച്ച് നിൽക്കേണ്ടിവന്നു.  ബോട്ടുകൾക്ക് ചില കേടുപാടുകൾ സംഭവിച്ചതല്ലാതെ  രക്ഷാപ്രവർത്തനങ്ങൾക്ക് പോയ ഒരാൾക്കും  ഒരു അപകടവും സംഭവിച്ചിട്ടില്ല. ഓഖി ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരും രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നു. 
സൈന്യത്തിന്റെ രക്ഷാപ്രവർത്തനം ഒരുവശത്ത് നടക്കുമ്പോൾത്തന്നെ അവർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും പോയി രക്ഷാ പ്രവർത്തനത്തിന് നേതൃത്വംനൽകി. കേരളത്തിലെ അടിയന്തരഘട്ടം കണക്കിലെടുത്ത് ദുരന്തമുഖത്തേക്ക് എത്തിച്ചേർന്നത് മികച്ച രീതിയിലുള്ള പങ്കാളിത്തമാണെന്നാണ് രക്ഷാപ്രവർത്തനം കഴിഞ്ഞ് മര്യനാട്ട‌് എത്തിയ മത്സ്യത്തൊഴിലാളികൾ ഒരേസ്വരത്തിൽ പറയുന്നത്. 
 
അധികാരികളുടെ ഭാഗത്തുനിന്ന‌് ഒരുതരത്തിലോ ബുദ്ധിമുട്ടോ പ്രയാസങ്ങളോ ഏൽക്കേണ്ടി വന്നിട്ടില്ലന്നും ആവശ്യത്തിന് ഭക്ഷണവുംമറ്റും യഥാസമയങ്ങളിൽ തങ്ങൾക്ക‌് കിട്ടാൻ ഒരു  തടസ്സങ്ങളുമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top