24 August Saturday

മരണക്കടൽ താണ്ടി, ജീവിതക്കരയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തീരത്ത് എത്തിയപ്പോൾ

തിരുവനന്തപുരം
എല്ലാം കഴിഞ്ഞെന്നാണ‌് കരുതിയത‌്. ബുധനാഴ‌്ച വൈകിട്ടോടെ വിഴിഞ്ഞത്ത‌് മീൻപിടിക്കാൻ പോകുമ്പോൾ പെട്ടെന്ന‌് തിരിച്ചെത്താമെന്നാണ‌് വിചാരിച്ചത‌്. വലവീശി കാത്തിരിക്കുമ്പോഴേക്കും  കാറും കോളും നിറഞ്ഞു. ഇടവിട്ട് പെയ്ത മഴയിൽ തിരകളുടെ ശക്തി കൂടി. പെട്ടെന്നാണ് വള്ളത്തിന്റെ എൻജിൻ ഓഫായത‌്. എത്ര ശ്രമിച്ചിട്ടും എൻജിൻ പ്രവർത്തിച്ചില്ല. ദിശയില്ലാതെ ഒഴുകിക്കൊണ്ടിരുന്ന വള്ളം നങ്കൂരമിട്ട് പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ തിരയടിച്ച‌് വള്ളം മൂന്ന‌് തവണയോളം മറിഞ്ഞു. 
എന്ത‌് ചെയ്യണമന്നറിയാതെ നിൽക്കുമ്പോഴാണ‌് ഒരു കപ്പൽ കണ്ടത‌്. കുറെനേരം കൈവീശി കാണിച്ചു. കപ്പലിൽനിന്നൊരാൾ വന്നപ്പോൾ രക്ഷിക്കുമെന്ന‌് കരുതി. എന്നാൽ, ഞങ്ങളോട‌് അവരുടെ വഴിയിൽനിന്ന‌് മാറണമെന്നായിരുന്നു നിർദേശം. കുറച്ചുനേരം കഴിഞ്ഞ‌് അവർ പോയി. ഇതിനിടയിൽ വള്ളത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട‌് ഒരുവശം ചരിഞ്ഞു. വള്ളം മറിയുമെന്ന് ഉറപ്പായതോടെ ഒപ്പമുണ്ടായിരുന്ന ലൂയിസ് കടലിലേക്ക് ചാടി വള്ളം നിർത്തി. ഈ ശ്രമത്തിനിടെ ലൂയിസിന്റെ വാരിയെല്ലിന‌് പരിക്കേറ്റു. 
 
കുടിക്കാനായി കരുതിയിരുന്ന വെള്ളവും തീർന്നു. തീരത്തേക്ക‌് വിവരമറിയിക്കാനുള്ള വയർലൈസ‌് സംവിധാനം വെള്ളത്തിലുണ്ടായിരുന്നില്ല. ലൈഫ‌് ജാക്കറ്റും കരുതിയിരുന്നില്ല. ഭക്ഷണവും വെള്ളവുമില്ലാത്ത എല്ലാം അവസാനിച്ചെന്ന‌് കരുതി അവശരായി ഒരുദിവസം കിടന്നു. ശനിയാഴ‌്ച പുലർച്ചെ ഒരു പ്രതീക്ഷയുമില്ലാതെയാണ‌് എൻജിൻ സ്റ്റാർട്ടാക്കാൻ ശ്രമിച്ചത‌്.  ഒടുവിൽ എൻജിൻ സ്റ്റാർട്ടായി. പിന്നീട‌് എന്താണ‌് സംഭവിച്ചതെന്ന‌് ഓർമയില്ല. കുറെ തവണ എൻജിൻ ഓഫായി. വീണ്ടും വീണ്ടും ശ്രമിച്ചു. പെട്ടെന്ന‌് ഞങ്ങളെ തേടിയെത്തിയ കോസ്റ്റൽ ഗാർഡുമാരെയും മത്സ്യത്തൊഴിലാളികളെയും കണ്ടു. അവിടെനിന്ന‌് വിഴിഞ്ഞത്തെ പ്രാഥമിക ആശുപത്രിയിലേക്ക‌്. 
 
ഇത്രയും പറയുമ്പോഴും മരണത്തിന്റെ ഭയം ബെന്നിയുടെയും യേശുദാസിന്റെയും കണ്ണുകളിൽനിന്ന‌് അകന്നിരുന്നില്ല.  ലൂയിസ‌്, യേശുദാസൻ, ആന്റണി, ബെന്നി എന്നിവരാണ‌് വള്ളത്തിലുണ്ടായിരുന്നത‌്. വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള സിന്ധു യാത്രമാതയിലായിരുന്നു ഇവർ കടലിലേക്കിറങ്ങിയത‌്.
പ്രധാന വാർത്തകൾ
 Top