24 August Saturday
ജനകീയം ഈ അതിജീവനം

ജില്ലയിൽ 115 വീടിന്റെകൂടി താക്കോൽ കൈമാറി

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

സർക്കാർ പുനർ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം മന്ത്രി എ കെ ബാലൻ നിർവഹിച്ചപ്പോൾ ആഹ്ലാദപൂർവം താക്കോൽ ഉയർത്തിക്കാട്ടുന്ന ഗുണഭോക്താവ്‌

തിരുവനന്തപുരം
സർക്കാർ നടപ്പാക്കിയ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തെ അറിയിക്കാനായി സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം' പൊതുജനസംഗമം സാംസ‌്കാരികമന്ത്രി എ കെ ബാലൻ ഉദ‌്ഘാടനംചെയ‌്തു. 
 
ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായും ശാസ്ത്രീയമായും നേരിടാനുള്ള പദ്ധതികളുടെയുംകൂടി  അടിസ്ഥാനത്തിലാണ് പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  അപ്രതീക്ഷിതമായെത്തിയ പ്രളയത്തിൽനിന്ന‌് കരയേറാൻ പൊതുസമൂഹം സർക്കാരിനൊപ്പം നിന്നു പ്രവർത്തിച്ചത് ലോകത്തിന‌് മാതൃകയായെന്നും മന്ത്രി പറഞ്ഞു.  
 
ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനവും ദുരിതാശ്വാസ ധനസഹായവിതരണവും മന്ത്രി നിർവഹിച്ചു. 310 വീടുകളാണ് ജില്ലയിൽ മഴക്കെടുതിയിൽ  തകർന്നത്. ഇതിൽ പുനർ നിർമാണം പൂർത്തിയാക്കിയ 115 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടന്നു. ഭാഗികമായി വീടുകൾ തകർന്ന 3759 പേരിൽ 3298 പേർക്ക് നേരത്തെ ധനസഹായം വിതരണംചെയ്തിരുന്നു. ബാക്കിയുള്ളവരിൽ 375 പേർക്കുള്ള ദുരിതാശ്വാസ ധനസഹായവും വിതരണംചെയ്തു. 
 
ശേഷിക്കുന്നവർക്കുള്ള ധനസഹായം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നൽകും. എസ്എംവി  സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ ആൻസലൻ എംഎൽഎ  അധ്യക്ഷനായി. കലക്ടർ കെ  ഗോപാലകൃഷ്ണൻ ജില്ലയിലെ പ്രളയാന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. 
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർ എം വി  ജയലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അനു എസ് നായർ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top