22 August Thursday
ശേഷികൂടിയ 4 പമ്പുകൾ ഉടൻ

നഗരത്തിന്റെ ‘വെള്ളംകുടി’ മുട്ടില്ല

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
തിരുവനന്തപുരം
തലസ്ഥാന നഗരത്തിലെ ശുദ്ധജലപ്രശ‌്നങ്ങൾക്ക‌് പുതിയ പദ്ധതികളുടെ പൂർത്തീകരണത്തോടെ പരിഹാരമാകുമെന്ന‌് ജലവിഭവമന്ത്രി കെ കൃഷ‌്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. നഗരത്തിലേക്ക‌് ശുദ്ധജലമെത്തിക്കുന്നതിന‌് അരുവിക്കരയിൽനിന്നുള്ള പമ്പിങ‌് കാര്യക്ഷമമാക്കും. ആധുനികവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി ശേഷികൂടിയ നാലു പമ്പുകൾ സ്ഥാപിക്കുന്നത‌ും ഉടൻ പൂർത്തിയാകും. 
 
നെയ്യാർഡാമിൽനിന്ന‌് തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിയും തയ്യാറായിവരുന്നു. നെയ്യാർ ഡാം മുതൽ തിരുമലവരെയുള്ള പൈപ്പ‌്‌ലൈൻ സ്ഥാപിക്കലും അനുബന്ധ ഘടകങ്ങൾക്കുമുള്ള വിശദമായ എൻജിനിയറിങ‌് റിപ്പോർട്ടിന‌് കിഫ്ബി അംഗീകാരമായി. ക്രമാതീതമായ ഉപയോഗവും  പുതിയ കണക‌്ഷനുകളുടെ വർധനയുംകാരണം നഗരത്തിലേക്ക് കുടിവെള്ളവിതരണം നടത്തുന്ന ജലസംഭരണികളിൽ ആവശ്യമായ ജലം സംഭരിക്കാൻ സാധിക്കില്ല. ഉയർന്ന പ്രദേശങ്ങളിലാണ് ജലലഭ്യതയ‌്ക്ക് കുറവുള്ളത‌്. രൂക്ഷമായ ജലക്ഷാമപ്രദേശങ്ങളൊന്നും തിരുവനന്തപുരം നഗരപരിധിയിൽ ഇല്ല.
 
കടുത്ത വേനലും ശക്തമായ മഴയിൽ ജലത്തിലുണ്ടാകുന്ന മലിനീകരണവും  അരുവിക്കരയിൽ അടിക്കടി  ഉണ്ടാകുന്ന വൈദ്യുതി തടസ്സവും  പ്രധാന പൈപ്പുലൈനുകളിലെ ചോർച്ചയും  ജലലഭ്യതക്കുറവിന‌് കാരണമാണ‌്.
 
അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടായ വൈദ്യുതിത്തകരാർ മൂലം കഴിഞ്ഞയാഴ്ച തിരുവനന്തപുരം നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെട്ടിരുന്നു. വൈദ്യുതി തടസ്സം ഒഴിവാക്കാൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി കെഎസ്ഇബി പൂർത്തിയാക്കി. നഗര പ്രദേശങ്ങളിൽ പൈപ്പുകളിൽ പുറത്തുവരാത്ത ചോർച്ചകൾ കണ്ടുപിടിക്കുന്നതിനായി ഒരു ലീക്ക് ഡിറ്റക‌്ഷൻ ടീം പ്രവർത്തിക്കുന്നു. അവരുടെ സഹായത്തോടെ അറിയപ്പെടാതെ കിടക്കുന്ന പല ചോർച്ചകളും കണ്ടുപിടിച്ച‌് തടയുന്നതായും വി എസ‌് ശിവകുമാറിന്റെ സബ‌്മിഷന‌് മറുപടിയായി മന്ത്രി അറിയിച്ചു‌.
പ്രധാന വാർത്തകൾ
 Top