25 August Sunday

രോഹിത് വെമുലയുടെയും പ്രേംജിയുടെയും ഓര്‍മകളില്‍ ഹ്രസ്വചലച്ചിത്രമേള

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
തിരുവനന്തപുരം   
ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പുതുസംവാദങ്ങൾക്ക് വഴിതുറന്ന രോഹിത് വെമുലയുടെ ആത്മഹത്യയും  കേരള നവോത്ഥാനത്തിന് കരുത്ത് പകർന്ന പ്രേംജിയുടെ ജീവിതവും രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തും. ഇവയടക്കം ഒമ്പത് ലോങ‌് ഡോക്യുമെന്ററികളാകും മേളയുടെ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക. 
രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്ന് ഇന്ത്യൻ ക്യാമ്പസുകളിൽനിന്ന‌് ഉയർന്ന സമരത്തെ പിന്തുടരുന്ന ചിത്രമാണ് ദീപ ധൻരാജിന്റെ ‘വീ ഹാവ് നോട്ട് കം ഹിയർ റ്റു ഡൈ’.  24ന് നിള തിയറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക. കേരള നവോത്ഥാനത്തിൽ തന്റേതായ പങ്ക് വഹിച്ച എഴുത്തുകാരനും സാമൂഹ്യ പരിഷ്‌കർത്താവുമായ എം ആർ ഭട്ടതിരിപ്പാടിന്റെ ജീവിതമാണ് ‘പ്രേംജി : ഏകലോചന ജന്മ’ത്തിന്റെ പ്രമേയം. മാധ്യമപ്രവർത്തകനും സിനിമാ നിരൂപകനുമായ നീലൻ പ്രേംജിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 23ന് വൈകിട്ട് 6.15ന് നിള തിയറ്ററിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
 
ഇന്ത്യയുടെ കലാപാരമ്പര്യത്തിന്റെ വൈവിധ്യം പ്രമേയമായ റെസോനേറ്റിങ‌് ബുറ - ദി സ്റ്റോറി ഓഫ് ബുറകഥ, കൂത്ത്, കൈഫിയാത്ത്, ബാബ ഫാരിദ്- പോയറ്റ് ഓഫ് ദി സോൾ  എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ആന്ധ്രയിലും തെലങ്കാനയിലും ജന്മിവിരുദ്ധ സമരകാലത്തെ പ്രധാന പ്രചാരണോപാധിയായിരുന്ന ബുറകഥയുടെ ചരിത്രമാണ് റെസോനേറ്റിങ‌് ബുറ - ദി സ്റ്റോറി ഓഫ് ബുറകഥ. മുഖ്യധാരയിലിടം കിട്ടാതെ പോയ തമിഴ്നാട്ടിലെ ജനപ്രിയ ഗ്രാമീണനാടകരൂപത്തെ രേഖപ്പെടുത്തുന്ന ചിത്രമാണ് കൂത്ത്. സിഖുകളും സൂഫികളും ഒരുപോലെ ആരാധിക്കുന്ന 12-–-ാം നൂറ്റാണ്ടിലെ കവി ബാബ ഫാരിദിന്റെ ജീവിതയാത്രയാണ് ബാബ ഫാരിദ്- പോയറ്റ് ഓഫ് ദി സോലിന്റെ പ്രമേയം. ഉസ്താദ് നിസാമുദ്ധീൻ ഖാന്റെ ആലാപനരീതിയും തബലയും തമ്മിലുള്ള ഇഴയടുപ്പം പരിശോധിക്കുന്ന ചിത്രമാണ് കൈഫിയാത്ത്. 
 
ചെക്കോസ്ലോവാക്യൻ നവതരംഗത്തിന്റെ സമഗ്രചരിത്രമായ ചെക്‌മേറ്റ് -ഇൻ സെർച്ച് ഓഫ് ജിറി മെൻസൽ, ഇന്ത്യൻ അതിർത്തി ഗ്രാമം പശ്ചാത്തലമാകുന്ന ലൈൻ ഓഫ് കൺട്രോൾ, മനസികാസ്വാസ്ഥ്യമുള്ള മൂന്ന് സഹോദരിമാരുടെ കഥപറയുന്ന ത്രീ സിസ്റ്റേഴ്‌സ് എന്നിവയാണ് ഈ വിഭാഗത്തിൽ  പ്രദർശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങൾ.
പ്രധാന വാർത്തകൾ
 Top