04 July Saturday

ആറ്റിങ്ങലിലെത്തിയവർക്ക്‌ സഹായവുമായി നഗരസഭാ ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020
ആറ്റിങ്ങൽ
ആറ്റിങ്ങലിലേക്ക്‌ ഇതരസംസ്ഥാനത്തുനിന്നെത്തിയവർക്ക്‌  സഹായവുമായി നഗരസഭാ ചെയർമാൻ. ബുധനാഴ്‌ച രാവിലെ ഏഴരയോടെ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽനിന്ന് കെഎസ്ആർടിസി ബസിൽ ആറ്റിങ്ങൽ ഡിപ്പോയിലെത്തിയ മൂന്നു പേരെയാണ് ചെയർമാൻ എം പ്രദീപ് ഇടപെട്ട് ആംബുലൻസിൽ വീടുകളിലെത്തിച്ചത്. ബസിൽ എത്തിയ ഇവർ  കിഴുവിലം, കരവാരം, അണ്ടൂർക്കോണം പഞ്ചായത്ത് നിവാസികളാണ്. ഇവരെ കൂട്ടിക്കൊണ്ട് പോകാൻ പഞ്ചായത്ത് ഏർപ്പാട്‌ ചെയ്ത ആംബുലൻസോ ജീവനക്കാരോ എത്തിയിരുന്നില്ല.  കിഴുവിലം പഞ്ചായത്തിലെ ചുമടുതാങ്ങി സ്വദേശിയെയും അണ്ടൂർക്കോണം പഞ്ചായത്തിലെ കൊയ്‌ത്തൂർക്കോണം സ്വദേശിയെയുമാണ്‌  വലിയകുന്ന് ഗവ. താലൂക്കാശുപത്രിയുടെ ആംബുലൻസിൽ വീട്ടിലെത്തിച്ചത്. കരവാരം പഞ്ചായത്ത് നിവാസിയെ ചെയർമാൻ സുഹൃത്തിന്റെ ബൈക്ക്‌ വഴി  വീട്ടിലെത്തിക്കുകയായിരുന്നു. 
 
സമീപ പഞ്ചായത്ത് നിവാസികൾ ആറ്റിങ്ങലിൽ എത്തുമ്പോൾ അതത് പഞ്ചായത്ത് ഇടപെട്ട് ഇവർക്കുള്ള യാത്രാ സംവിധാനം ഉറപ്പ് വരുത്തണമെന്ന്‌ ചെയർമാൻ അറിയിച്ചു. 
 
ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി ബസും പരിസരവും അണുവിമുക്‌തമാക്കി. ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ്, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ആർടി സി ജീവനക്കാർ, റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top