15 May Saturday
പട്ടികജാതി ഫണ്ട്‌ തട്ടിപ്പ്‌

എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021
തിരുവനന്തപുരം
പട്ടികജാതി ക്ഷേമപദ്ധതി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ഉദ്യോഗസ്ഥർക്കുകൂടി സസ്‌പെൻഷൻ. പട്ടികജാതി വികസന ഓഫീസർമാരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. മേൽനോട്ടത്തിൽ വീഴ്‌ച വരുത്തിയതിനാണ്‌ നടപടി. 
ഇതേസമയം കേസ്‌ അന്വേഷണത്തിന്‌ പുതിയ സംഘത്തെ രൂപീകരിച്ചു. കന്റോൺമെന്റ്‌ എസിപി സദന്റെ നേതൃത്വത്തിലാണ്‌  അന്വേഷിക്കുക. നേരത്തെ മ്യൂസിയം പൊലീസിനായിരുന്നു ചുമതല. പ്രാഥമികാന്വേഷണത്തിൽ വൻവെട്ടിപ്പ്‌ നടന്നതായുള്ള വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ എസിപി തല അന്വേഷണത്തിനു വിട്ടത്‌. 
 
ഓഡിറ്റ്‌ നടത്തിയാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്‌തി കൃത്യമായി മനസ്സിലാക്കാൻ കഴിയൂവെന്ന നിഗമനത്തിലാണ്‌ പുതിയ സംഘം. പദ്ധതികൾ, ഓരോ പദ്ധതിയിലും അനുവദിച്ച തുക, ഗുണഭോക്താക്കൾ എന്നിവരുടെ വിവരങ്ങൾ ലഭിക്കണം. 2016 മുതലുള്ള വിവരങ്ങളാണ്‌ വേണ്ടത്‌. ഓഡിറ്റിലൂടെയേ തട്ടിപ്പിന്റെ പൂർണ വിവരം വ്യക്തമാകൂവെന്നാണ്‌ വിലയിരുത്തൽ. ഇതിനായി പട്ടികജാതി ഡയറക്ടർക്ക്‌ കത്തുനൽകുമെന്ന്‌ എസിപി പറഞ്ഞു. 
 
സസ്‌പെൻഷനിലായ പട്ടികജാതി വികസന ഓഫീസർമാരിൽ ഒരാൾ നേരത്തെ കോർപറേഷനിൽ സേവനമനുഷ്‌ഠിച്ച വ്യക്തിയാണ്‌. മറ്റൊരാൾ നിലവിലുള്ള ഓഫീസറും. ഇദ്ദേഹമായിരുന്നു പരാതിക്കാരൻ. സസ്‌പെൻഷനിലായ സ്ഥിതിക്ക്‌ ഇദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട്‌ ആശ്രയിക്കേണ്ടെന്ന തീരുമാനത്തിലാണ്‌ പൊലീസ്‌. ബാങ്ക്‌ ഇടപാടുകളുടെ രേഖകൾ പരമാവധി സമാഹരിക്കാനുള്ള ശ്രമത്തിലാണ്‌. 12 അക്കൗണ്ട്‌ രേഖയാണ്‌ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതിൽ രണ്ടെണ്ണം മാത്രമാണ്‌ ലഭിച്ചത്‌.
 
കോർപറേഷൻ തലത്തിലും അന്വേഷണം നടത്താൻ തീരുമാനിച്ചു. ഇതിനായി ക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. എൽഡിഎഫ്‌, യുഡിഎഫ്‌, ബിജെപി പ്രതിനിധികൾ ഇതിൽ അംഗങ്ങളാണ്‌. സമിതിയുടെ ആദ്യയോഗം ശനിയാഴ്‌ച ചേരും. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ഗുണഭോക്താക്കൾക്കുള്ള പട്ടികജാതി വികസനവകുപ്പിന്റെ ഫണ്ടാണ്‌ രണ്ട്‌ സീനിയർ ക്ലർക്കുമാർ സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റി തട്ടിയെടുത്തത്‌. കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കും തുക നിക്ഷേപിച്ചു. രണ്ട്‌ പട്ടികജാതി പ്രൊമോട്ടർമാരും സമാന രീതിയിൽ പണം തട്ടി. തട്ടിപ്പ്‌ ശ്രദ്ധയിൽപ്പെട്ട ഉടൻ സീനിയർ ക്ലർക്കുമാരെ പട്ടികജാതി വികസന ഡയറക്ടറേറ്റ്‌ സസ്‌പെൻഡ്‌ ചെയ്‌തു. പ്രൊമോട്ടർമാരെ കോർപറേഷൻ പുറത്താക്കി. വിജിലൻസ്‌ അന്വേഷണത്തിന്‌ ശുപാർശ ചെയ്‌തിരിക്കുകയാണ്‌ ഡയറക്ടറേറ്റ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top