30 May Saturday
കലാകാരന്മാർ ദുരിതത്തിൽ

ഇനിയെന്നുവരും പഞ്ഞമില്ലാത്ത ആ ഉത്സവനാളുകൾ

ഗിരീഷ് എസ് വെഞ്ഞാറമൂട്Updated: Saturday Mar 21, 2020
വെഞ്ഞാറമൂട്
ലോകംമുഴുവൻ കോവിഡ്‌ ഭീതിയിലായതിന്റെ സങ്കടത്തിലാണ്‌ എല്ലാവരും. പലതരം ആഘോഷങ്ങളും ജീവിതസ്വപ്‌നങ്ങളുമെല്ലാം മാറ്റിവച്ച്‌ രോഗപ്രതിരോധത്തിനുവേണ്ടി കേരളവും ലോകത്തിനൊപ്പം കൈകോർക്കുകയാണ്‌. എന്നാൽ കൊറോണ ജീവിതോപാധികൾ തകർത്ത സങ്കടത്തിലാണ്‌ കലാകാരന്മാർ.
 
ഉത്സവകാലത്ത്‌ അസുഖം പടർന്നതിനാൽ പരിപാടികളെല്ലാം മാറ്റി. നാടകം, ഗാനമേള, മിമിക്രി, നാടൻപാട്ട്, നൃത്തം, ബാലെ തുടങ്ങി വിവിധ മേഖലകളിലെ കലാകാരന്മാരുടെ ഒരുവർഷത്തെ പരിശ്രമമാണ്‌ കൊറോണ താറുമാറാക്കിയത്‌. കഴിഞ്ഞവർഷംവരെ പരിപാടികൾ ബുക്ക്‌ ചെയ്യാനുള്ള ഫോൺവിളികളാണ്‌ ഈ സമയത്ത്‌ ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ ബുക്ക്‌ ചെയ്‌ത പരിപാടികൾ ‘വേണ്ട’ എന്നു പറയാനുള്ള വിളികളാണ്‌ ബുക്കിങ്‌ ഓഫീസുകളിൽ എത്തുന്നത്‌. 
 
പണം കടം വാങ്ങിയും പലിശയ്‌ക്കെടുത്തും കലാപരിപാടികൾ  തയ്യാറാക്കിയതെല്ലാം വെറുതെയായി. ഉത്സവ സീസണിൽ പൈസ കിട്ടുമ്പോൾ കടങ്ങൾ വീട്ടാം എന്നാണ്‌ എല്ലാവർഷവും കണക്ക്‌ കൂട്ടുന്നത്‌. ഈവർഷം അത്‌ സാധിക്കില്ലെന്ന്‌ ഏകദേശം ഉറപ്പിച്ചു.
സംസ്ഥാനത്തെ എൺപതോളം പ്രഫഷണൽ നാടക സമിതികൾ, നൂറോളം ഗാനമേള സംഘങ്ങൾ, നൃത്ത, സംഗീതനാടക സമിതികൾ, മിമിക്രി ട്രൂപ്പുകൾ, എൺപതോളം നാടൻപാട്ട് സംഘങ്ങൾ, ശിങ്കാരിമേളം, തെയ്യം, കാവടി തുടങ്ങിയ സംഘങ്ങൾ, ബുക്കിങ്‌ ഏജൻസികൾ, ലൈറ്റ്, മൈക്ക് സെറ്റ് തുടങ്ങിയ മേഖലകളിലായി പതിനായിരത്തിൽപ്പരം കലാകാരൻമാരും അനുബന്ധ തൊഴിലാളികളുമാണ് ദുരിതക്കയത്തിലായത്‌. കഴിഞ്ഞ ഉത്സവ കാലത്ത്‌ പ്രളയമായിരുന്നു വില്ലൻ. അന്നും ആഘോഷങ്ങൾ മാറ്റി സംസ്ഥാനം ദുരിതാശ്വാസത്തിൽ ഒറ്റക്കെട്ടായി. ‘ഇനിയെന്നുവരും പഞ്ഞമില്ലാത്ത ആ ഉത്സവനാളുകൾ’ എന്നുപറഞ്ഞ് നെടുവീർപ്പിടുകയാണ്  ഈ കലാകാരൻമാർ.  
പ്രധാന വാർത്തകൾ
 Top