25 May Monday

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: പ്രവേശനത്തിന് വിലക്ക് അത്യപൂർവം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം   
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം  തടയുന്നത് അത്യപൂർവം. ഉത്സവ സമയത്ത്  നിയന്ത്രണങ്ങൾ  ഏർപ്പെടുത്താറുള്ളതല്ലാതെ പ്രവേശനം വിലക്കാറില്ല. വഴിപാടുകൾ നടത്തുന്നതും താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്.
ഭക്തർക്ക് പ്രവേശനം ഇല്ലെങ്കിലും ക്ഷേത്രകവാടങ്ങൾ തുറന്ന്  കിടക്കും. ക്ഷേത്രത്തിലെ പൂജകളും മറ്റ് ചടങ്ങുകളും നടക്കും. പ്രധാന വഴിപാടുകളായ പൊന്നുശീവേലി, ഉദയാസ്തമയപൂജ, അന്നദാനം എന്നിവയും നിർത്തിയിട്ടുണ്ട് .ഇതിൽ ഭക്തർകൂടി പങ്കെടുക്കേണ്ടതിനാലാണ്  നിർത്തിയത്. ഈ ദിവസങ്ങളിൽ വഴിപാടുകൾ ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ നിരവധിയാളുകളാണ്‌ ക്ഷേത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു. ഇവരെ പൊലീസുകാർ പരിശോധിച്ചാണ് അകത്ത് കയറ്റിവിട്ടിരുന്നത്. കോവിഡ്‌ ഭീതിയെ തുടർന്ന് സുരക്ഷാപരിശോധന  ബുദ്ധിമുട്ടുണ്ടാക്കിയതോടെ ജീവനക്കാരുടെ ഡ്യൂട്ടി സമയവും ക്രമീകരിച്ചിട്ടുണ്ട്. കൂട്ടംകൂടാതിരിക്കാനുള്ള രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
 
 30ന് തുടങ്ങാനിരിക്കുന്ന പത്ത്  ദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി  ഉത്സവത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശീവേലി സമയത്ത് ക്ഷേത്ര വിഗ്രഹങ്ങൾക്ക് പിന്നിലും മുന്നിലുമായി നടക്കുന്നവർക്ക്‌ നിയന്ത്രണമുണ്ട്‌.  ഭീതി കൂടിയാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.  നിലവിൽ താൽക്കാലികമായിട്ടാണ് വിലക്ക്. ഭീതി തുടർന്നാൽ വിലക്കും നീളാൻ സാധ്യതയുണ്ട്.
പ്രധാന വാർത്തകൾ
 Top