27 February Thursday

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ് സേവനങ്ങൾ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസിന്റെ സേവനങ്ങൾ ഓൺലൈനാകുന്നു. ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കാനും സർട്ടിഫിക്കറ്റുകൾ നൽകാനും ഓഫീസിലെ സ്റ്റാറ്റ്യൂട്ടറി രജിസ്റ്ററുകളും അപേക്ഷകളും ഡിജിറ്റലാക്കും. പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനംചെയ്തു.  കൗൺസിലിൽ രജിസ്‌റ്റർ ചെയ്ത ഡോക്ടർമാർക്കുള്ള സ്മാർട്ട് തിരിച്ചറിയൽ കാർഡ് വിതരണവും മന്ത്രി തുടങ്ങിവച്ചു. ഓഫീസ് ഓട്ടോമേഷൻ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ വിദേശ മെഡിക്കൽ ബിരുദം ഒഴികെയുള്ള ഗുഡ് സ്റ്റാൻഡിങ്‌, നിരാക്ഷേപ പത്രം, പ്രൊവിഷണൽ രജിസ്‌ട്രേഷൻ എന്നിവയ്ക്ക്‌ കൗൺസിലിൽ ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്‌ പ്രിന്റ്‌ ഔട്ടും എടുക്കാം. പരീക്ഷണാടിസ്ഥാനത്തിൽ 2019 ഒക്‌ടോബർ മുതൽ ഇവ ഓൺലൈനായി നൽകിവന്നിരുന്നു. ഇത്‌  വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ സ്ഥിരം രജിസ്‌ട്രേഷനുകൾ ഓൺലൈനാക്കുന്നത്‌. സ്ഥിരം രജിസ്‌ട്രേഷനുള്ള അപേക്ഷയും ഫീസും ഓൺലൈനായി സ്വീകരിക്കും. സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകാര്യമായ അപേക്ഷകളിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഓഫീസിൽതന്നെ പ്രിന്റ് ചെയ്ത് ഹോളോഗ്രാം പതിക്കും. അപേക്ഷകന്‌ നേരിട്ട് നൽകുകയോ തപാൽ വഴി അയക്കുകയോ ചെയ്യും. സ്ഥിരം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ക്യു ആർ കോഡ്, ഹോളോഗ്രാം, അപേക്ഷകന്റെ കൈയൊപ്പ്, ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഐ പി ബിനു അധ്യക്ഷനായി. മോഡേൺ മെഡിസിൻ കൗൺസിൽ പ്രസിഡന്റ്‌ റാണി ഭാസ്‌കരൻ, ഭാരതീയ ചികിത്സാ സമ്പ്രദായ കൗൺസിൽ പ്രസിഡന്റ് പി മാധവൻകുട്ടി വാര്യർ, ഹോമിയോപ്പതി കൗൺസിൽ പ്രസിഡന്റ് സി സുന്ദരേശൻ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ എ മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top