29 February Saturday

നിശാഗന്ധിയിൽ ഇനി നൃത്തനാളുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

നിശാഗന്ധി നൃത്തോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 

അനന്തപുരിയിൽ നൂപുരധ്വനികളുണർത്തി നിശാഗന്ധി നൃത്തോത്സവത്തിന്‌ തിരിതെളിഞ്ഞു. കനകക്കുന്ന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനംചെയ്‌തു. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള നിശാഗന്ധി പുരസ്‌കാരം പ്രശസ്‌ത ഭരതനാട്യ പണ്ഡിതനും നർത്തകനുമായ ഡോ.സി വി ചന്ദ്രശേഖറിന്‌ മുഖ്യമന്ത്രി സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.    ലോകത്തിലെ മികച്ച നൃത്തോത്സവങ്ങളിൽ ഒന്നായി നിശാഗന്ധി നൃത്തോത്സവം മാറിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യങ്ങളുടെ നാടാണ്‌ നമ്മുടേത്‌. ഈ വൈവിധ്യ സമൃദ്ധിയാണ്‌ ഇന്ത്യയെ ഒന്നിപ്പിക്കുന്നത്‌.ജീവിക്കുന്ന  കാലഘട്ടത്തിലെ സംഭവവികാസങ്ങളോട്‌ പ്രതികരിക്കാതിരിക്കാൻ കലാകാരൻമാർക്കാകില്ല. ടി എൻ കൃഷ്‌ണയെപ്പോലുള്ളവർ ശക്തമായ പ്രതികരണവുമായി രംഗത്തുവരുന്നുണ്ട്‌. ഭയപ്പെടുത്തി, നിശ്ശബ്‌ദരാക്കി ആവിഷ്‌കാരങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുന്ന സ്ഥിതിക്ക്‌ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ഡോ. സി വി ചന്ദ്രശേഖർ പറഞ്ഞു. പുരസ്‌കാരത്തിന്റെ കാര്യം മുഖ്യമന്ത്രിയാണ്‌ ഫോണിൽ വിളിച്ച്‌ തന്നോട്‌ പറയുന്നത്‌. ഒരു പുരസ്‌കാരകാര്യം മുഖ്യമന്ത്രി നേരിട്ട്‌ വിളിച്ചുപറയുന്ന ഒരു അനുഭവം എനിക്ക്‌ ആദ്യമാണ്‌. ഇത്‌ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തോട്‌ നന്ദിയുണ്ടെന്നും ചന്ദ്രശേഖർ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. വി കെ പ്രശാന്ത്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു, കെടിഡിസി ചെയർമാൻ എം വിജയകുമാർ, കൗൺസിലർ പാളയം രാജൻ എന്നിവർ സംസാരിച്ചു. റാണി ജോർജ്‌ സ്വാഗതവും പി ബാലകിരൺ നന്ദിയും പറഞ്ഞു.  ആദ്യദിനം പി പ്രവീൺകുമാറിന്റെ ഭരതനാട്യവും ‘നൃത്യധാര’ നൃത്താവിഷ്‌കാരവും അരങ്ങേറി. ചൊവ്വാഴ്‌ച കലാമണ്ഡലം വീണ വാര്യരുടെ മോഹിനിയാട്ടവും കവിത ദ്വിബേദിയും സംഘവും അവതരിപ്പിക്കുന്ന ഒഡീസിയും അരുൺ ശങ്കറിന്റെ ഭരതനാട്യവും അരങ്ങേറും. 26 വരെയാണ്‌ നൃത്തോത്സവം.

പ്രധാന വാർത്തകൾ
 Top