21 February Thursday

സായ്പ് മാഷിനോട് സൊറ പറഞ്ഞ് കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

തോട്ടയ്ക്കാട് എംജി യുപി സ്കൂൾ സന്ദർശിച്ച അമേരിക്കൻ വിദ്യാഭ്യാസ വിദഗ‌്ധൻ ഡോ. പീറ്റർ ഓപ്പൺ ഹെയ്മർ സ്കൂളിലെ പ്രൈമറി കുട്ടികൾക്കൊപ്പം

തിരുവനന്തപുരം

ഇംഗ്ലീഷ‌് സംസാരിക്കാൻ അറച്ചുനിന്ന കാലമൊക്കെ  വിദ്യാർഥികൾക്ക‌്  പഴങ്കഥയായിരിക്കുന്നു. സർക്കാർ സ്കൂളിലെ യുപി കുട്ടികളിന്ന് പഴയ കുട്ടികളേ അല്ല. കടൽ കടന്നെത്തിയ ഇംഗ്ലീഷുകാരനോട‌് ‘കൂളാ’യി ആശയവിനിമയം നടത്തി മാഷുമാരെ  പോലും അതിശയിപ്പിക്കുന്ന കുരുന്നുകളാണ‌്ഇന്ന‌്. കല്ലമ്പലം തോട്ടയ്ക്കാട് എംജി യുപി സ്കൂളിലെ പ്രൈമറി കുട്ടികളാണ് അനായാസം ഇംഗ്ലീഷ‌് സംസാരിച്ച‌് രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മനംകവർന്നത‌്. കലിഫോർണിയയിൽനിന്നുള്ള വിദ്യാഭ്യാസ വിചക്ഷണൻ ഡോ. പീറ്റർ ഓപ്പൺ ഹെയ്മറോടാണ് കുട്ടികൾ മണിക്കൂറുകളോളം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തിയത്. സംസ്ഥാന പൊതുവിദ്യാഭ്യാസരംഗത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ സർക്കാർ നടപ്പാക്കുന്ന നവീന പദ്ധതികൾ കണ്ടറിയാനാണ‌് ഡോ. ഹെയ്മർ എത്തിയത‌്. ശ്രീനാരായണ കൃതികളുടെ പഠനത്തിനായി കേരളത്തിലെത്തിയ ഡോ. ഹെയ്മർ പഠനവുമായി ബന്ധപ്പെട്ട‌് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ റാണിയെ പരിചയപ്പെട്ടു. സമഗ്ര ശിക്ഷ കേരളം വിദ്യാലയത്തിൽ നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയെക്കുറിച്ച‌് റാണിയിൽനിന്ന‌് മനസ്സിലാക്കിയ ഹെയ്മർ വിദ്യാർഥികളിലുണ്ടായ മാറ്റം നേരിട്ട‌ു കാണാൻ എത്തുകയായിരുന്നു. ആദ്യമൊരു ശങ്ക ഉണ്ടായിരുന്നെങ്കിലും കുട്ടികൾ വളരെ പെട്ടെന്ന‌് സായ്പ‌് മാഷുമായി ചങ്ങാത്തത്തിലായി. കുട്ടികളുടെ ഇംഗ്ലീഷ‌് ചോദ്യങ്ങൾക്ക‌് ഹെയ്മർ പറഞ്ഞ മറുപടി ഏതാണ്ടെല്ലാം മനസ്സിലാക്കി എന്ന‌് മാത്രമല്ല, അവർ കൂടുതൽ വിശദീകരണം തേടുകയും ചെയ്തത‌് സദസ്സിന് അമ്പരപ്പും ആഹ്ലാദവും പകർന്നു. റാണി ടീച്ചറും സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ നായരും മോഡറേറ്റർമാരായി.  തുടക്കത്തിൽ മാത്രമാണ് കുട്ടികൾക്ക് ഇവരുടെ സഹായം വേണ്ടിവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്നതാണ‌് യുപി ക്ലാസ‌് വിദ്യാർഥികളുടെ ഭാഷാപ്രാവീണ്യത്തിൽനിന്ന‌് മനസ്സിലാകുന്നതെന്ന‌് ഡോ. ഹെയ്മർ പറഞ്ഞു. കുട്ടികൾക്കൊപ്പം പാട്ടുപാടിയും ഉച്ചയൂണ‌് കഴിച്ചുമാണ‌് 72കാരനായ ഹെയ്മർ മടങ്ങിയത‌്.  കരവാരം പഞ്ചായത്ത് വൈസ‌് പ്രസിഡന്റ‌് സുരേഷ് കുമാർ, ജനപ്രതിനിധികൾ, പിടിഎ പ്രസിഡന്റ് ദിനേശ് കുമാർ, ഹെഡ്മിസ്ട്രസ് ഗീത, രക്ഷാകർത്താക്കൾ എന്നിവർ സംവാദത്തിന‌് സാക്ഷികളാകാൻ എത്തി. സമഗ്ര ശിക്ഷ റിപ്പബ്ലിക‌് ദിനം മുതൽ പൊതുവിദ്യാലയങ്ങളിൽ ആരംഭിക്കുന്ന പഠനോത്സവത്തിന്റെ ഭാഗമായാണ‌് പരിപാടി സംഘടിപ്പിച്ചത‌്.

പ്രധാന വാർത്തകൾ
 Top