27 May Monday

ജൈവപച്ചക്കറി കൃഷിക്ക് പുത്തൻ സാങ്കേതികവിദ്യ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

തിരിനന സാങ്കേതികവിദ്യയിലൂടെ വളർത്തിയെടുത്ത പച്ചക്കറികൾ.

പേരൂർക്കട

ഗ്രോബാഗിൽ ജൈവപച്ചക്കറി കൃഷിക്ക് പുത്തൻ സാങ്കേതികവിദ്യയുമായി വട്ടിയൂർക്കാവ് കൃഷിഭവൻ രംഗത്ത്. തിരിനന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഗ്രോബാഗുകളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിഭവൻ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ ഗ്രോ ബാഗുകൾ കർഷകരിലേക്ക് എത്തിക്കാനാണ് ശ്രമം. തിരിനന സാങ്കേതികവിദ്യയുടെ ഭാഗമായി ചെടികൾക്കാവശ്യമായ ജലലഭ്യത ഉറപ്പിക്കാൻ സാധിക്കും. ഇടയ്ക്കിടെ പച്ചക്കറികൾക്ക് ജലസേചനം നടത്തുന്നത് ഒഴിവാക്കി നിശ്ചിത വ്യാസമുള്ള പിവിസി പൈപ്പിൽ വെള്ളം നിറച്ചശേഷം പ്രത്യേകം തയ്യാറാക്കിയ തിരികളുടെ സഹായത്തോടെ പൈപ്പുകൾവഴി ഗ്രോബാഗിലെ ചെടികൾക്ക് ആവശ്യാനുസരണം വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്ന സാങ്കേതികരീതിയാണ് ഇത്.  അമിതമായി ജലം പാഴാക്കാതെ ചെടിക്ക് എപ്പോഴും ജലം ലഭ്യമാകുന്ന രീതിയിലൂടെ പച്ചക്കറികൾക്ക് വളർച്ചയും വിളവും കൂടുതലായിരിക്കും. ഹരിത സെന്റർ വഴിയാണ് ഗ്രോ ബാഗുകൾ കർഷകർക്ക് എത്തിച്ചു കൊടുക്കുന്നത്. കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഹരിത സേനയിൽ 10 സ്ത്രീകളും 7 പുരുഷന്മാരും പ്രവർത്തിക്കുന്നു. ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയായിരുന്ന ഇത് ഇപ്പോൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത‌്. പദ്ധതി  അവസാനിക്കാറായതിനാൽ ഗ്രോ ബാഗുകൾ പരമാവധി കർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വട്ടിയൂർക്കാവ് കൃഷിഭവൻ. 30 ഗ്രോ ബാഗുകൾ ഉൾപ്പെടുത്തിയ ഒരു യൂണിറ്റ് സെറ്റ് ചെയ്യാൻ 8000 രൂപയാണ് ചെലവ്. ഇതിൽ 6000 രൂപ സർക്കാർ വിഹിതമായും 2000 രൂപ കർഷകരുടെ വിഹിതമായും ചെലവാകും. ഒരു തവണ തിരിനന സാങ്കേതികവിദ്യ സെറ്റ് ചെയ്താൽ നാല‌്–- അഞ്ച‌് വർഷം കൂടുമ്പോൾ ഗ്രോ ബാഗുകൾ മാത്രം മാറ്റിയാൽ തുടർന്ന് പ്രയോജനപ്പെടുത്താം. തിരിനന സാങ്കേതികവിദ്യയിലൂടെ പച്ചക്കറി ഉൽപ്പാദനം വർധിച്ചെന്ന് കർഷകർ പറയുന്നു. വട്ടിയൂർക്കാവ് കൃഷിഭവൻ പരിധിയിലെ കൊടുങ്ങാനൂർ മലമുകൾ, കാച്ചാണി ഭാഗങ്ങളിലെ  നിരവധി കർഷകർ ഗ്രോ ബാഗുകൾക്കും പച്ചക്കറി തൈകൾക്കുമായി കൃഷിഭവനെ സമീപിച്ചിട്ടുണ്ട്. തിരിനന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രോബാഗുകളിൽ കൃഷിയിറക്കാൻ താൽപ്പര്യമുള്ളവരും കൃഷി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവരും വട്ടിയൂർക്കാവ് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന‌് കൃഷി ഓഫീസർ വി മഞ്ജു അറിയിച്ചു. ഫോൺ: 0471 2367622.

പ്രധാന വാർത്തകൾ
 Top