21 February Thursday
കുറ്റവാളികളുടെ പട്ടിക തയ്യാറാക്കും

കുറ്റവാളികൾക്ക‌് വിലങ്ങുവയ‌്ക്കാൻ സിറ്റി പൊലീസിന്റെ ‘കോബ്ര’

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

തിരുവനന്തപുരം

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം സിറ്റി  പൊലീസിന്റെ ഓപ്പറേഷൻ കോബ്ര. സിറ്റി  പൊലീസ് കമീഷണർ   എസ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ‌് പത്തുദിവസത്തെ  കർമപദ്ധതി നടപ്പാക്കുന്നത്. ഒരോ മേഖലയെയും പ്രത്യേകം തരംതിരിച്ച് പദ്ധതിയുടെ ഭാ​ഗമായി കർശന പരിശോധന നടത്തും. സ്ഥിരം കുറ്റവാളികളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും അവരുടെ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യും.    ക്രിമിനലുകളെ സ്ഥിരമായി നിരീക്ഷണത്തിനായി   കമീഷണർ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കും .  ഇവയ‌്ക്ക‌് കമീഷണർ നേരിട്ട‌് മേൽനോട്ടം വഹിക്കും.   ഒളിവിൽ കഴിയുന്നവരെ പിടിക്കാൻ പ്രത്യേക സ‌്ക്വാഡ്  രൂപീകരിക്കും.   കാലതാമസം കൂടാതെ ‌ഇവരെ പിടിക്കാനായി സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരും  ട്രാഫിക്, കൺട്രോൾ റൂം, ഷാഡോ പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയവരെയും  ഉൾപ്പെടുത്തി  ഓപ്പറേഷൻ ഷാഡോ നടപ്പാക്കും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ, ആൾതാമസമില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയും. വിനോദ സഞ്ചാരികൾക്ക് പ്രത്യേക സുരക്ഷ നൽകുന്നതോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരീക്ഷണസംവിധാനം ഒരുക്കും. തലസ്ഥാനത്ത് എത്തുന്ന അന്യസംസ്ഥാനക്കാർക്കും സുരക്ഷ ഉറപ്പാക്കും. മയക്കുമരുന്നിന്റെ വിൽപ്പന തടയുന്നതിനൊപ്പം ലഹരി ഉപയോ​ഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവരെ പിന്തിരിപ്പിക്കുന്നതിനുള്ള ന‌ടപടിയും സ്വീകരിക്കും.ബസ് സ്റ്റാൻഡ‌്, ബസ് തുടങ്ങിയ പൊതു ഇടങ്ങളിൽ സ്ത്രീകളെ ശല്യംചെയ്യുന്നവർ, ക്ലാസിൽ കയറാതെ നടക്കുന്ന വിദ്യാർഥികൾ എന്നിവർക്കെതിരെയും പദ്ധതിയുടെ ഭാ​ഗമായി നടപടി സ്വീകരിക്കും. റോഡ് അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി അമിതവേ​ഗം, അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കൽ, ​ഗതാ​ഗത നിയമലംഘനം എന്നിവയ്ക്കെതിരെ  കർശന നടപടിയുണ്ടാകും. ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ലോക്കൽ  പൊലീസിന്റെ സഹായത്തോടെ അനധികൃത പാർക്കിങ് ഒഴിവാക്കും. മാലിന്യം പൊതുഇടത്തിലും നദികളിലും വലിച്ചെറിയുന്നവരും നടപടി നേരിടേണ്ടിവരും. പൊലീസ് ഇടപെടൽ ആവശ്യമായി വരുന്നവർക്ക് ടോൾ ഫ്രീ നമ്പർ-: 1090, വാട‌്സാപ‌്: 9497975998, ഇ മെയിൽ: cptvm.pol@kerala.gov.in, വെബ്സെെറ്റ്:www.tvmcitypolice.gov.in . ഫെയ‌്സ‌്ബുക്ക‌്:  tvmcitypolice.keralapolice.gov.in

പ്രധാന വാർത്തകൾ
 Top