08 December Sunday

നോവറിഞ്ഞ നൂപുരനടനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കേരളനടനത്തിൽ അനൂപ്‌

തിരുവനന്തപുരം  
കഷ്‌ടപ്പാടുകൾക്കിടയിലും കേരളനടന വേദിയിൽ വീണ്ടും വിജയച്ചുവടുകൾവച്ച സന്തോഷത്തിലാണ്‌ അനൂപ്‌. നാലുമാസം മുമ്പ്‌ നടത്തിയ ഉദരശസ്‌ത്രക്രിയയുടെ വേദനയ്‌ക്ക്‌ മരുന്നുകഴിച്ചായിരുന്നു സ്‌റ്റേജിൽ കയറിയത്‌. സബ്‌ജില്ലാതലത്തിലെന്നപോലെ ജില്ലാതലത്തിലും ഒന്നാമനായി. ഹൈസ്‌കൂൾ വിഭാഗത്തിലാണ്‌ എസ്‌എസ്‌പിബി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ എം എസ്‌  അനൂപ്‌ ഒന്നാം സ്ഥാനം നേടിയത്‌. 
 
ചിറയിൻകീഴ്‌ മുടപുരം ചാരുവിള വീട്ടിൽ മുരളിയുടെയും ബീനയുടെയും മകനാണ്‌ അനൂപ്‌. തട്ടുകട നടത്തിയിരുന്ന മുരളി ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ്‌ വിശ്രമത്തിലാണ്‌. 
ഇത്തവണ അനൂപിന്റെയും അച്ഛന്റെയും ചികിത്സയ്‌ക്ക്‌ ഏറെ പണം ചെലവായി. പലിശയ്‌ക്ക്‌ പണമെടുത്താണ്‌ മത്സരത്തിനെത്തിയിരിക്കുന്നത്‌–- അമ്മ ബീന പറയുന്നു. കഴിഞ്ഞ തവണ സംസ്ഥാനതല മത്സരത്തിന് പോയതും കടം വാങ്ങിയാണ്‌. അന്ന്‌ കേരളനടനത്തിൽ അനൂപ്‌ രണ്ടാം സ്ഥാനവും നേടി. സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധുവിന്റെ വീട്ടിലാണ്‌ താമസം. 
പങ്കെടുക്കുന്ന നൃത്തവേദികളിലെല്ലാം അനൂപ്‌ സമ്മാനം നേടുന്നതിനാൽ ദുരിതത്തിനിടയിലും പരമാവധി പ്രോത്സാഹനം നൽകി ഒപ്പം നിൽക്കുകയാണ്‌ കുടുംബം. 
പ്രധാന വാർത്തകൾ
 Top