12 November Tuesday

വീടൊഴിപ്പിക്കൽ: ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

പൊലീസ് കുടിയൊഴിപ്പിക്കാൻ വന്നതിനെ തുടർന്ന് ഷംനയുടെ വീട്ടിൽ പ്രതിരോധം തീർത്ത്‌ നാട്ടുകാർ

കഴക്കൂട്ടം 
വീടൊഴിപ്പിക്കാൻ എത്തിയ പൊലീസിനു മുന്നിൽ മകനുമായി ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ. അയിരൂപ്പാറ മരുതംമൂട് അരിച്ചൽകോണത്ത് വീട്ടിൽ താമസിക്കുന്ന ഷംനയും മകനുമാണ് ആത്മഹത്യാ ഭീഷണി നടത്തിയത്. ഭർതൃമാതാവ് നൽകിയ കേസിൽ കോടതിവിധി നടപ്പിലാക്കാനാണ് പോത്തൻകോട് പൊലീസ് ശനിയാഴ്‌ച രാവിലെ  ഇവരുടെ വീട്ടിൽ എത്തിയത്. തുടർന്ന് ഷംന വീട്ടിൽ കയറി കതകടച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. 
 
ഇതറിഞ്ഞ്‌ പിന്തുണയറിയിച്ച്‌ നാട്ടുകാരും എത്തി. ഭർത്താവ് ഷാഫിയുടെ രണ്ടാം വിവാഹമായിരുന്നു ഷംനയുമായുള്ളത്. ഷംനയുടെ ആഭരണം വിറ്റ്‌ പുതിയ ഇരുനിലവീട് വയ്ക്കുകയും ചെയ്തു. തുടർന്ന് ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. ഷാഫിയുടെ പേരിലുണ്ടായിരുന്ന വസ്തു അയാളുടെ മാതാവിന്റെ പേരിലേക്കുമാറ്റി. ഇതിനുശേഷം ഷംന അനധികൃതമായി താമസിക്കുന്നുവെന്നു കാണിച്ച്‌ ഷാഫിയുടെ മാതാവ്‌ കേസ് നൽകി. ഇവർക്ക്‌ അനുകൂലമായാണ്‌ കോടതിവിധി വന്നത്. ഇപ്രകാരം ഷംനയെയും കുടുംബത്തെയും ഒഴിപ്പിക്കാൻ പൊലീസ്‌ എത്തിയപ്പോഴാണ്‌ ആത്മഹത്യാ ഭീഷണി. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് മടങ്ങിപ്പോയി. സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ പൊലീസിനോട് വിശദീകരണം ചോദിച്ചു. ഷംനയ്ക്കുവേണ്ട നിയമ സഹായവും മറ്റു കാര്യങ്ങളും സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top