19 October Saturday
നഗരസഭയുടെ സ‌്മാർട‌്സിറ്റി പദ്ധതി

കിഴക്കേകോട്ടയിൽ ഭൂഗർഭ നടപ്പാത

റഷീദ‌് ആനപ്പുറംUpdated: Thursday Jun 20, 2019

തിരുവനന്തപുരം

കിഴക്കേകോട്ടയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന‌് നഗരസഭ ആധുനിക സംവിധാനങ്ങളോടു കൂടിയ ഭൂഗർഭ  നടപ്പാത നിർമിക്കും. സ‌്മാർട‌്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിപാർക്കിന‌്  സമീപമാണ‌് പാത നിർമിക്കുന്നത‌്. 55 കോടി രൂപയാണ‌് പദ്ധതിച്ചെലവ‌്. ഇതിന്റെ പ്രാഥമിക സർവേ ആരംഭിച്ചു. ഇതോടൊപ്പം  നേരത്തെ വിഭാവനം ചെയ‌്ത മേൽപ്പാലം നിർമാണവും ഉടൻ ആരംഭിക്കും. ഗാന്ധിപാർക്കിന്റെ കിഴക്കുഭാഗത്തെ ജങ‌്ഷനിലാണ‌് അടിപ്പാത നിർമിക്കുക. മേൽപ്പാലം പടിഞ്ഞാറ‌് ഭാഗത്തും.നഗരത്തിൽ ഏറെ തിരക്കുള്ള ഭാഗമാണ‌് കിഴക്കേകോട്ട. പത്മനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ചാല കമ്പോളം എന്നിവിടങ്ങളിലേക്ക‌് നിരവധിയാളുകളാണ‌് ദിവസവും എത്തുന്നത‌്. വിവിധ പരിപാടികൾ നടക്കുന്ന പുത്തരിക്കണ്ടം മൈതാനം, ഇ കെ നായനാർ പാർക്ക‌്, ഗാന്ധി പാർക്ക‌് എന്നിവയും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട‌്. കെഎസ‌്ആർടിസി സിറ്റി  ഡിപ്പോയിൽനിന്ന‌് വിവിധ ഭാഗങ്ങളിലേക്ക‌് നിരവധി ബസുകളാണ‌് സർവീസ‌് നടത്തുന്നത‌്. ഈ തിരക്കിൽപ്പെട്ട‌് സ‌്ത്രീകൾ അടക്കം നിരവധി പേരാണ‌് അപകടങ്ങളിൽ പെടുന്നത‌്. ജീവൻ പൊലിഞ്ഞവരും ഒട്ടേറെ. റോഡ‌് മുറിച്ചുകടക്കുമ്പോഴാണ‌് അപകടം കൂടുതലും. ഇതിന‌് പരിഹാരമായാണ‌് ഭൂഗർഭ നടപ്പാത നിർമിക്കുന്നത‌്. പദ്ധതിയുടെ രൂപരേഖ ഉടൻ തയ്യാറാക്കും. പ്രാഥമിക സർവേ പൂർത്തിയായശേഷം മഴക്കാലത്ത‌് എത്ര അളവിൽ വെള്ളം കയറുമെന്നറിയാൻ  വാട്ടർലെവൽ പരിശോധനയും വാഹനങ്ങളുടെ എണ്ണം കണ്ടെത്താൻ ട്രാഫിക‌് സർവേയും നടത്തും. ഇതോടൊപ്പം പൊതുമരാമത്ത‌് വകുപ്പിന്റെ  ഉൾപ്പെടെ അനുമതിയും ലഭിക്കണം. ഇതിനായി പിഡബ്ല്യുഡി, കെഎസ‌്ഇബി, കെഎസ‌്ആർടിസി അധികൃതരുടെ  യോഗം അടുത്തുദിവസംതന്നെ ചേരുമെന്ന‌് മേയർ വി കെ പ്രശാന്ത‌് പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top