25 May Monday

മുഴുവൻ വാർഡിലും റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നടത്തിയ വീഡിയോ കോൺഫറൻസിൽ തിരുവനന്തപുരം കോർപറേഷനിൽ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിനിധികളും

തിരുവനന്തപുരം  
കോവിഡ്‌–-19 പ്രതിരോധ ഭാഗമായി നഗരസഭയുടെ 100 വാർഡും 20 പേരെടങ്ങുന്ന റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീം രൂപീകരിക്കും. മേയർ കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ്‌ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രി എ സി മൊയ്‌തീൻ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്നിവർ വീഡിയോ കോൺഫറൻസ്‌ വഴി അഭിസംബോധന ചെയ്‌തു. 
 
ഓരോ നിമിഷവും ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ സംരക്ഷണം പ്രാദേശിക ഭരണസംവിധാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ  നേരിട്ടെത്തി കൗൺസിലർമാർക്ക്‌ നിർദേശം നൽകി. ഇറ്റലിയിലെ സുഹൃത്തിന്റെ ശബ്‌ദസന്ദേശം മന്ത്രി കൗൺസിൽ അംഗങ്ങളെ കേൾപ്പിച്ചു. ഭയപ്പേടണ്ടേ സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത  കൈവെടിയരുതെന്നും മന്ത്രി പറഞ്ഞു. കൗൺസിലർമാർക്കാണ്‌ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീം രൂപീകരിക്കുന്നതിന്റെ ചുമതല. ഈ ടീമിന് പരിശീലനവും നൽകും. മുഴുവൻ വാർഡുകളിലും രണ്ട്‌ ഹാൻഡ്‌ വാഷ്‌ പോയിന്റ്‌ സ്ഥാപിക്കാനും  തീരുമാനമായി. ഇവിടങ്ങളിൽ ഉപയോഗിച്ച കൈയുറകളും മാസ്‌കും ശേഖരിച്ച്‌ സംസ്‌കരിക്കാനും സംവിധാനമൊരുക്കും.
 
നഗരസഭ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കൗൺസിൽ യോഗം വിലയിരുത്തി. ഭരണ–-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജാഗ്രതയോടെ പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകണമെന്ന്‌ കൗൺസിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top